Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രികാല ഡ്രൈവിങ്ങിൽ...

രാത്രികാല ഡ്രൈവിങ്ങിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ

text_fields
bookmark_border
രാത്രികാല ഡ്രൈവിങ്ങിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ
cancel

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അവരുടെ കുഞ്ഞ് മരണപ്പെട്ട സംഭവം കേരളത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ രാത്രി കാല ഡ്രൈവിങ്ങിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഇതോടെ സജീവമായി.


കേരള പൊലീസ് പറയുന്നത് കേൾക്കൂ
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു..എത്ര മികച്ച ഡ്രൈവർ ‍ ആണെങ്കിൽ‍ പോലും ഈ പ്രശ്‌നത്തെ നേരിടാൻ വലിയ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഇത്തരത്തിൽ‍ ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെക്കണം.

തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക. എന്നീ കാര്യങ്ങള്‍ ഉണ്ടെങ്കിൽ‍ നിർ‍ബന്ധമായും ഡ്രൈവിങ് നിർത്തി വെയ്ക്കണം. ദീര്‍ഘദൂര യാത്രയിൽ വാഹനങ്ങൾ‍ വഴിയരികിൽ‍ നിര്‍ത്തി കുറചു വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കുന്നു. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കംതൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത്‌ എന്ന് ഓർ‍ക്കുക..

accident
ബാലഭാസ്കർ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിന് ശേഷം


ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോകേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക. ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കിൽ‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. ആവശ്യമുണ്ടെങ്കിൽ ഡ്രൈവിംഗിൽ സഹായിക്കാനും ഇവർ‍ക്ക് കഴിയും.

കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത്‌ രാത്രിയിലാണ്‌. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. വാഹനം ഓടിക്കുമ്പോൾ‍ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക. ഉറക്കം തോന്നിയാൽ‍ പലരും പറയാന്‍ മടിച്ച് മിണ്ടാതെ യാത്ര തുടരും... രാതികാല യാത്രാവേളയിൽ‍ ഡ്രൈവർമാർ അല്പനേരം വിശ്രമിക്കുന്നത് മൂലം യാത്രവൈകിയേക്കാം പക്ഷെ അത് നിങ്ങളുടെ ആയുസ് വർദ്ധിപ്പിക്കുമേന്നോർ‍ക്കുക.


ബേബി കാർ സീറ്റ് അത്യാവശ്യം
ഡോക്ടർ ഷിനു ശ്യാമളൻ
കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതൽ ലഭ്യമാണ്.കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയിൽ). അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക.കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും. കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്. കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്.കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത. എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.

ഇത് എന്റെ മകളാണ്. അവൾക്കും ഒരു കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ അവൾ സുരക്ഷിതമായി ഇരിക്കുന്നുണ്ട്.ഭയമില്ലാതെ അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ.എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.

Accident


ഒഴിവാക്കാനാകുന്ന മരണങ്ങൾ..!
മുരളി തുമ്മാരുകുടി

"വിമാനത്താവളത്തിൽ യാത്ര അയക്കാൻ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?"
എൻറെ സുഹൃത്ത്, ദുബായിൽ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്. "ഞാൻ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകൾ മരിക്കുന്നു. എനിക്ക് മടുത്തു" ഞാൻ പറഞ്ഞു.

"മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എൻറെ അടുത്ത സുഹൃത്ത് നാട്ടിൽ നിന്നും വരികയാണ്. അവൻ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോൾ വന്നു. കൂട്ടുകാരനെ യാത്രയയക്കാൻ പോയ അവൻറെ കുട്ടികളും ഡ്രൈവറും അപകടത്തിൽ പെട്ടു, മകൻ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അവൻ വരുമ്പോൾ അവനെ എയർപോർട്ടിൽ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. "എൻറെ ജീവിതത്തിൽ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകൻ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതിൽ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? " അതാണ് ഞാൻ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകൾ വാസ്തവത്തിൽ ജീവനുകൾ രക്ഷിക്കുന്നുണ്ട്. പക്ഷെ ‘സംഭവിക്കാത്ത അപകടം’ ആകുമ്പോൾ ആരും ഓർക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്പോൾ ആണ് ‘ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ’ എന്ന് ഓർക്കുന്നത്."

സംഗതി സത്യമാണ്. കേൾക്കുമ്പോൾ നിസ്സാരമായ നിർദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. പറ്റിയാൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കിൽ നാട്ടിൽ നിന്നും എയർപോർട്ടിൽ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കിൽ മാത്രം സ്വയം പോയാൽ മതി, അപ്പോഴും ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീർച്ചയായും കുറക്കാൻ പറ്റും.

ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുഞ്ഞിന്റെ മരണ വാർത്ത കേട്ടപ്പോൾ അനവധി പേർ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയർപോർട്ട് യാത്ര പോലെ തന്നെ ഞാൻ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും റോഡിലൂടെയുള്ള ദൂരയാത്രകൾ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോൾ നിങ്ങൾ അപകട സാധ്യത കുറയ്ക്കുകയാണ്. പകലും രാത്രിയും കേരളത്തിലെ റോഡുകൾ കൊലക്കളങ്ങൾ ആണ്.

road-accident-23


‘എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?’ എന്നൊരു ലേഖനം എഴുതിയാണ് ഞാൻ മാതൃഭൂമി ഓൺലൈനിൽ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വർഷം മുൻപ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിലെ റോഡുകളിൽ ചത്തൊടുങ്ങുന്നത്. ഒരു വർഷം മുന്നൂറു മലയാളികളാണ് കേരളത്തിൽ കൊല ചെയ്യപ്പെടുന്നത് എന്നോർക്കണം. എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കിൽ യു കെ യിലെ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാൾ ശക്തമായ - കൂടുതൽ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കിൽ ഒരു വർഷം പതിനായിരത്തോളം മലയാളികൾ തീർത്തും ഒഴിവാക്കാവുന്ന അപകടങ്ങളിൽ മരിക്കില്ലായിരുന്നു.
തൽക്കാലം ഇതൊക്കെ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങൾ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിർമ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങൾ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ കാത്തു രക്ഷിക്കുക എന്നതേ നിർവാഹമുള്ളൂ.


രണ്ടു കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.
1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
2. രാത്രിയിലെ ദൂര യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.

ഇതിലൂടെ നിങ്ങൾ നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങൾക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്പോൾ ‘മുരളിച്ചേട്ടൻ എപ്പോഴും പറയാറുണ്ട്’ എന്ന് കേൾക്കുന്നതിൽ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന അർത്ഥത്തിൽ എൻറെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓർക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം. ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ ദയവായി ഒഴിവാക്കണം.ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ആളുകൾക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാൽ അത്രയും ആയില്ലേ.









Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccident NewsAccident Newssleeping while driving
News Summary - sleeping while driving accident- kerala news
Next Story