പുതുതലമുറ ആദർശം കൈവിടാതെ മുന്നോട്ടുപോകണം -ജിഫ്രി തങ്ങൾ
text_fieldsഎസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പുതുതലമുറ ആദർശബോധം മുറുകെപ്പിടിച്ച് മുന്നോട്ടുപോകണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ ഉപഘടകമായ എസ്.കെ.എസ്.എസ്.എഫ് മാതൃസംഘടനയെ അനുസരിച്ച് മുന്നോട്ടുപോകണം.
അറിവ് വർധിപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും മുൻകാലത്തെക്കാൾ ഉണ്ടെങ്കിലും സർവനാശത്തിലേക്ക് സമൂഹം പോകുന്നത് നേതൃതലത്തിൽ നല്ലയാളുകൾക്ക് പകരം തെമ്മാടികൾക്ക് ആധിപത്യം ലഭിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തള്ളി, അബ്ദുറശീദലി ശിഹാബ് തങ്ങൾ, ഹാശിറലി ശിഹാബ് തങ്ങൾ, നിയാസലി ശിഹാബ് തങ്ങൾ, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഗഫൂർ ദാരിമി മുണ്ടക്കുളം, ബാപ്പു ഹാജി മുണ്ടക്കുളം, അലവിക്കുട്ടി ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
‘ചുമതലയാണ് വിദ്യാർഥിത്വം’ പ്രമേയത്തിൽ ആരംഭിച്ച സമ്മേളനത്തിന് എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ പതാകയുയർത്തി. ‘ടുഗദർ ടുവാർഡ്‌സ് ടുമോറോ’ ശീർഷകത്തിൽ നടന്ന വിദ്യാർഥി അസംബ്ലിയിൽ ബശീർ അസ്അദി നമ്പ്രം പ്രിവ്യു അവതരിപ്പിച്ചു.
സമസ്ത മുന്നേറ്റം എന്ന വിഷയത്തിൽ അൻവർ മുഹ് യിദ്ദീൻ ഹുദവി, ബോൺ റ്റു ലീഡ് സെഷനിൽ സുഹൈൽ ബാബു, പർപസ് ഓഫ് ലൈഫ് സെഷനിൽ ഡോ. സാലിം ഫൈസി കൊളത്തൂർ, റാഷനൽ ഫൈത്ത് സെഷനിൽ ശുഐബുൽ ഹൈത്തമി, അയ്യൂബ് മൗലവി, റൂട്ട്സ് ആൻഡ് വിങ്സ് സെഷനിൽ ഖുബൈബ് വാഫി ചെമ്മാട്, ടെക് ആൻഡ് ഫ്യൂച്ചർ സെഷനിൽ അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുസ്‌ലിം ഐഡന്റിറ്റി സെഷനിൽ സത്താർ പന്തല്ലൂർ തുടങ്ങിയവർ വിഷയാവതരണം നടത്തി.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യാതിഥിയായി. വാഷിങ്ടൺ ജോർജ് മേസൺ യൂനിവേഴ്സിറ്റിയിൽനിന്ന് റിസർച് സ്കോളർഷിപ് നേടിയ ഹേബൽ അൻവറിനുള്ള സ്നേഹോപഹാരം അബ്ദുറസാഖ് ദാരിമി കൊടുവള്ളി നൽകി. കൾചറൽ സെഷന് ശാഫി മാസ്റ്റർ ആട്ടീരി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

