കവളപ്പാറയുടെ മുറിപ്പാടിന് ആറാണ്ട്
text_fieldsഎടക്കര: കേരളം നടുങ്ങിയ കവളപ്പാറ പ്രകൃതി ദുരന്തത്തിന് ആറാണ്ട്. 59 ജീവനും 42 വീടുകളും മണ്ണടരുകളിലേക്ക് വലിച്ചിട്ട ദുരന്തത്തിന്റെ നീറുന്ന ഓര്‍മകള്‍ പേറി മലയോര ഗ്രാമം. 2019 ആഗസ്റ്റ് എട്ടിന് രാത്രി എട്ടോടെയാണ് പെരുമഴയത്ത് കുറേ മനുഷ്യജീവിതങ്ങൾ തകർത്തെറിഞ്ഞ ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴയിൽ മുത്തപ്പന്‍കുന്നിന്റെ ഒരുഭാഗം അടര്‍ന്നിറങ്ങി ഒരു ഗ്രാമത്തെയൊന്നാകെ മണ്ണാഴങ്ങളിലേക്ക് തള്ളിയിടുകയായിരുന്നു. കവളപ്പാറ ഊരുനിവാസികളടക്കം 59 ജീവനുകളാണ് അന്ന് ദുരന്തം കവര്‍ന്നെടുത്തത്. 20 ദിവസത്തിലേറെ നീണ്ട രക്ഷാദൗത്യങ്ങള്ക്കൊടുവില് മണ്ണില്‍ പുതഞ്ഞ 48 മൃതദേഹങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്. 11 പേര് മൺക്കൂമ്പാരങ്ങൾക്കടിയിൽ എവിടെയോ കിടപ്പുണ്ട്.
കവളപ്പാറയിലെ 133 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളിലായി പുനരധിവാസമൊരുക്കി. പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ഉപ്പട മലച്ചിയിലും ആനക്കല്ലിലുമാണ് പുനരധിവാസമൊരുക്കിയത്. സര്‍ക്കാര്‍ നല്കിയ പണമുപയോഗിച്ച് ചിലര്‍ സ്വന്തം നിലക്ക് എടക്കര, പോത്തുകല്ല് തുടങ്ങിയ പഞ്ചായത്തുകളില്‍ ചേക്കേറി.
ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായി ഞെട്ടിക്കുളം ടൗണിന് സമീപം ഭൂമി വാങ്ങി 24 വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. ഇതിന് പുറമെ പോത്തുകല്ല് ഭൂദാനത്ത് 33 വീടുകളും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ചുനല്‍കി. ദുരന്തസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ ഭാഗങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും അവിടെനിന്നും മാറ്റിപ്പാര്‍പ്പിക്കുകയും അവര്‍ക്കാവശ്യമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
എന്നാല്‍, ദുരന്തപ്രദേശത്തിന്റെ പരിസരങ്ങളില്‍ അധിവസിക്കുന്ന 72 കുടുംബങ്ങള്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. കവളപ്പാറ താഴെ ഊരിലെ 25 കുടുംബങ്ങളും മുത്തപ്പന്‍കുന്നിന്റെ താഴ്വാരത്ത് അധിവസിക്കുന്ന ജനറല്‍ വിഭാഗത്തിലെ 30 കുടുംബങ്ങളും തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്ന 17 കുടുംബങ്ങളുമാണ് ഭീതിയില്‍ കഴിയുന്നത്.
പുനരധിവാസം ആവശ്യപ്പെട്ട് ഇവര്‍ ഹൈകോടതിയില്‍ കേസ് നല്‍കിയെങ്കിലും തീരുമാനമായില്ല. കനത്ത മഴ പെയ്താല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടേണ്ട ഗതികേടിലാണ് ഇവരിന്നും.
കവളപ്പാറക്കു പുറമെ പാതാറിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. വനത്തിലായതിനാല്‍ ആളപായമുണ്ടായില്ല. ഇഴുവാത്തോടിന്റെ കരകളിലുണ്ടായിരുന്ന നിരവധി വീടുകള്‍ പ്രളയപ്പാച്ചിലില്‍ തകര്‍ന്നു. പാതാര്‍ അങ്ങാടി പൂര്‍ണമായി തകര്‍ന്നടിഞ്ഞു.
മുണ്ടേരിയിലെ ആദിവാസികളുടെ ഏക ആശ്രയമായിരുന്ന ഇരുട്ടുകുത്തിയിലെ നടപ്പാലം, ചാലിയാര്‍ പുഴയിലെ കൈപ്പിനി പാലം എന്നിവയെല്ലാം ഇല്ലാതായി. അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇരുട്ടുകുത്തിയില്‍ പാലം നിര്‍മാണത്തിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

