കോഴിക്കോട്ട് ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്ഥയിൽ
text_fieldsഎകരൂല്‍(കോഴിക്കോട്): ഉണ്ണികുളം എകരൂലില് നേപ്പാള്‍ സ്വദേശിനിയായ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കേസെടുത്ത ബാലുശ്ശേരി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഉണ്ണികുളം പഞ്ചായത്തിൽ എകരൂലിനടുത്ത് വാടകക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശികളുടെ മകളാണ് ബുധനാഴ്ച രാത്രി 11മണിയോടെ പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്നരയും ഒന്നരയും വയസ്സുകാരായ രണ്ടു സഹോദരന്മാര് മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.
കരച്ചില് കേട്ട് സമീപവാസിയായ സ്ത്രീ ചെന്നുനോക്കിയപ്പോള്‍ അടച്ചുറപ്പില്ലാത്ത വീടിെൻറ വരാന്തയില്‍ ഇരുന്ന് കുട്ടികള്‍ കരയുന്നതാണ് കണ്ടത്.
രാത്രി ഒമ്പതരയോടെ കുട്ടിയുടെ മാതാവ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി സമീപവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ കുട്ടിയുടെ പിതാവും പുറത്ത് പോയതായി പറയുന്നു. പിതാവ് മടങ്ങിയെത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ ഒരാള്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
വ്യഴാഴ്ച ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തെത്തിച്ച് പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ബാലുശ്ശേരി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. വടകര റൂറല്‍ എസ്.പി ബി. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി പ്രിഥ്വിരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.