കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ
text_fieldsകൊല്ലം: കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജി(6)യെ തട്ടിക്കൊണ്ടു പോയത്.
പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തി. അഞ്ചു ലക്ഷം രൂപയാണ് കുട്ടിയുടെ മോചനത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച ആൾ അമ്മയോട് പറഞ്ഞത്. കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു അഭികേൽ സാറ റെജിയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി.
മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. കാർ തങ്ങളുടെ അരികിലേക്ക് നിർത്തുകയും അമ്മയ്ക്ക് നൽകാൻ ഒരു കവർ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി കുട്ടി പറയുന്നു. തുടർന്നാണ് വലിച്ചിഴച്ച് കാറിൽ കയറ്റിയത്.
പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

