ലഹരിപ്പാർട്ടിക്കിടെ തമ്മിലടിച്ചു, സ്ഥലത്തെത്തിയ പൊലീസിനെയും തല്ലി, ജീപ്പ് അടിച്ചു തകർത്തു; ആറു പേർ പിടിയിൽ
text_fieldsതൃശൂർ: നാടിനെ ഞെട്ടിച്ച് മണ്ണുത്തി നെല്ലങ്കരയിൽ പൊലീസിനു നേരെ ഗുണ്ട ആക്രമണം. മൂന്ന് പൊലീസ് ജീപ്പുകൾ തകർത്തു. വടിവാളും ഇരുമ്പുകമ്പികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഒരു പ്രതിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ സഹോദരങ്ങളടക്കം ആറുപേരെ പിടികൂടി. പിടിയിലായവരിൽ ഒരാൾ രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്. പരിക്കേറ്റ പൊലീസുകാരും പിടിയിലായ പ്രതികളും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് ഇൻസ്പെക്ടർ ജയൻ, സിവിൽ പൊലീസ് ഓഫിസർ അജു എന്നിവർക്കാണ് പരിക്കേറ്റത്.
സഹോദരങ്ങളും ഒല്ലൂക്കര സ്വദേശികളുമായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), അൽ അഹദിൽ (18), നെല്ലിക്കുന്ന് സ്വദേശി പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആൻറണി (24), മൂർക്കനിക്കര സ്വദേശി പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22). നെല്ലിക്കുന്ന് സ്വദേശി പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആൻറണി (24), ചെമ്പൂക്കാവ് സ്വദേശി മറിയ ഭവനിലെ ഷാർബൽ (19) എന്നിവരാണ് പിടിയിലായത്. ബ്രഹ്മജിത്ത് കൊലക്കേസുകളിൽ പ്രതിയാണ്. പരസ്പരമുള്ള ആക്രമണത്തിലും പിടികൂടാനുള്ള ശ്രമത്തിനുമിടെയാണ് ആറ് പ്രതികൾക്കും പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് മർദിച്ചതായി പ്രതികളിലൊരാൾ തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചപ്പോൾ വിളിച്ചുപറഞ്ഞു.
ശനിയാഴ്ച പുലർച്ച 2.30ഓടെ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലങ്കരയിലാണ് നാടിനെ നടുക്കിയ സംഭവം. എമർജൻസി നമ്പറിലേക്കും മണ്ണുത്തി പൊലീസ് സ്റ്റേഷനിലേക്കും പ്രതികളിലൊരാളുടെ മാതാവാണ് വിളിച്ച് വിവരം അറിയിച്ചത്. മദ്യപിച്ചും മറ്റും ബഹളവും സംഘർഷവും ഉണ്ടാക്കുന്നതായാണ് ഇവർ അറിയിച്ചത്. 15 മിനിറ്റിനകം കൺട്രോൾ റൂം പൊലീസും മണ്ണുത്തി പൊലീസും സ്ഥലത്തെത്തി. രണ്ട് പ്രതികളെ പിടികൂടിയതിനിടെ പൊലീസ് സംഘത്തെ ഗുണ്ടകൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

