സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല; നാല് ജില്ലകളിൽ 'ഔട്ട്‌ബ്രേക്ക്'
text_fieldsഷിഗെല്ല വൈറസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളുമാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 294 ആയി ഉയർന്നിരിക്കുകയാണ്. ജൂൺ മാസം മുതൽ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വർഷകാലം ആരംഭിച്ച ജൂൺ മാസം മുതലാണ് സംസ്ഥാനത്ത് ഷിഗെല്ല കേസുകളിൽ പെട്ടെന്നുള്ള വർദ്ധനവുണ്ടായത്. ജൂൺ മുതൽ ഇതുവരെ 216 പേർക്കാണ് രോഗബാധയേറ്റത്. ആറ് പേർ രോഗം മൂലം മരണപ്പെടുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി 'ഔട്ട്‌ബ്രേക്ക്' പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ട് 76 കേസുകളും, വയനാട്ടിൽ 26 കേസുകളും, തൃശൂരിൽ 14 കേസുകളും, ആലപ്പുഴയിൽ 5 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ച ജില്ലകൾക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പല ഭാഗങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിലായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 36 പേർക്കും, തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 19 പേർക്കും, കൊല്ലത്ത് 15 പേർക്കും, കണ്ണൂരിൽ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട് 6 കേസുകളും, എറണാകുളത്ത് 4 കേസുകളും, ഇടുക്കിയിൽ 3 കേസുകളും, പത്തനംതിട്ടയിൽ ഒരു കേസുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലിനമായ ജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക എന്നിവ അതീവ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കടുത്ത വയറിളക്കം, പനി, ഛർദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടനടി അടുത്തുള്ള ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സഹായം തേടേണ്ടതാണ്. രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

