ബൈക്കപകടത്തിൽ റോഡിൽ വീണ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): ബൈക്കിൽ സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞ് മരിച്ചു. മാതാവിനും ബൈക്ക് ഓടിച്ച ഭർതൃപിതാവിനും പരിക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പൂവത്തിൽ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്) മകൻ മുഹമ്മദ് ഇഷാൻ (ആറു മാസം) ആണ് മരിച്ചത്. മാതാവ് നാസിയ, റഫീഖിന്റെ പിതാവ് ഷാജി എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. മുഹമ്മദ് ഇഷാനെ ആശുപത്രിയിൽ കാണിക്കുന്നതിനായി ഭർതൃപിതാവ് ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കിൽ പോകുമ്പോൾ സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ നാസിയയുടെ കയ്യിൽനിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു.
ഉടൻ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാസിയക്ക് തലക്കും ഷാജിക്ക് കാലുകൾക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകളും പൊട്ടി. നാലുമാസം പ്രായമുള്ള മൂത്ത കുട്ടി ഇഷൽ ഫാത്തിമ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നേരത്തെ മരിച്ചിരുന്നു. ഖബറടക്കം ചൊവ്വാഴ്ച നടക്കും.

