സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളിൽ മരം വീണ് ആറു പേർക്ക് പരിക്ക്
text_fieldsചെങ്ങന്നൂർ: സ്‌കൂൾ കെട്ടിടത്തിന് മുകളിൽ മരം വീണ് രണ്ട് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷാകർത്താവിനും പരിക്ക്. ചെങ്ങന്നൂർ കിഴക്കേനട ഗവ. യു.പി സ്‌കൂൾ വളപ്പിലെ റിലീഫ് സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലാണ് കാലപ്പഴക്കം ചെന്ന വാകമരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് 3.20ഒാടെ പരീക്ഷ കഴിഞ്ഞ് കുട്ടികൾ ഇറങ്ങുമ്പോഴായിരുന്നു അപകടം.
വിദ്യാർഥികളായ അഭിജിത്ത്, സിദ്ധാർഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാൽ, രേഷ്മ. ഗംഗ എന്നിവർക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്ക്. പരീക്ഷ കഴിഞ്ഞ് കുട്ടികൾ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാർഥികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്കൂൾ അങ്കണത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു.
കെ.എസ്.ആർ.ടി.സിക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന റിലീഫ് എൽ.പി സ്‌കൂൾ കെട്ടിടം സുരക്ഷയില്ലാത്തതിനാൽ 2021 ലാണ് കിഴക്കേനട ഗവ.യുപി സ്‌കൂളിന്റെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെയുള്ള മറ്റൊരു കെട്ടിടത്തിൽ അടുത്തയാഴ്ച എൽ.കെ.ജി, യു,കെ,ജി മോഡൽ പ്രീ പ്രൈമറി സ്‌കൂൾ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോഴാണ് അപകടം .
അപകടവിവരം അറിഞ്ഞ് മന്ത്രി സജി ചെറിയാൻ, മുൻസിപ്പൽ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം, വാർഡ് കൗൺസിലർമാരായ ശ്രീദേവീ ബാലകൃഷ്ണൻ, ശോഭ വർഗീസ്, എ.ഇ.ഒ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

