തെരുവ് നായ്ക്കൾ കുറുകെ ചാടി; അപകടത്തിൽ ആറുപേർക്ക് പരിക്ക്
text_fieldsഇരിട്ടി (കണ്ണൂർ)/ചാലക്കുടി: തെരുവ് നായ്ക്കൂട്ടം കുറുകെ ചാടിയതിനെത്തുടർന്ന് വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂർ, തൃശൂർ ജില്ലകളിലായി ആറുപേർക്ക് പരിക്ക്.
കണ്ണൂർ ഇരിട്ടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. ഡ്രൈവർ പടിയൂർ ആര്യങ്കോട് സ്വദേശി കെ.ടി. തോമസ് (65), യാത്രികരായ കോട്ടേപ്പടവിൽ ചെല്ലമ്മ (73), മക്കളായ മോളി (50), രമ (49) എന്നിവർക്കാണ് പരിക്കേറ്റത്. ചാലക്കുടിയിൽ തെരുവുനായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വിദ്യാർഥികൾക്കാണ് പരിക്ക്. പേരാമ്പ്ര സ്വദേശികളായ കള്ളിയത്ത് അലോഷ്യസ്, കണ്ണമ്പിള്ളി എബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂരില്‍ പേവിഷബാധയേറ്റ് പശു ചത്തു
കണ്ണൂര്‍: കോർപറേഷൻ പരിധിയിലെ ചാലയിൽ പേവിഷബാധയേറ്റ് പശു ചത്തു. ചാല അമ്പലത്തിന് സമീപം എഴുന്നാണ്ടി പുത്തൻപുരയിൽ സുനന്ദയുടെ കറവയുള്ള പശുവാണ് ചൊവ്വാഴ്ച രാവിലെ ചത്തത്. എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് വ്യക്തമല്ല. പശുവിനെ നായോ മറ്റു മൃഗങ്ങളോ കടിച്ച ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണാനില്ല. പുല്ലില്‍ നിന്നോ മറ്റോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
പശുവുമായി അടുത്ത സമ്പർക്കം പുലർത്തിയ സുനന്ദയും മകൻ ശ്രീജിത്തും അയൽവാസിയും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പ്രതിരോധ വാക്സിനെടുത്തു. രണ്ടു ദിവസമായി പശു തീറ്റയും വെള്ളവും കഴിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി ജില്ല മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പരിശോധിച്ചിരുന്നു. പേവിഷബാധ സംശയിച്ചതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം പശുവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റികെട്ടി. ചൊവ്വാഴ്ച രാവിലെ പശു അക്രമാസക്തമായി കയർ പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് സുനന്ദക്കും മകനും കുത്തേറ്റത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് സുരക്ഷിതമായി മാറ്റിക്കെട്ടിയത്. അക്രമാസക്തമാകുന്നത് കണക്കിലെടുത്ത് രണ്ട് കയറുപയോഗിച്ചാണ് കെട്ടിയത്. വൈകാതെ പശു ചത്തു. വായിൽനിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു. കോർപറേഷൻ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. പശുവിന്റെ പാൽ കഴിച്ചവർ അടക്കം സമ്പർക്കം പുലർത്തിയവർ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ക്ലാസിലേക്ക് ഓടിക്കയറിയ നായ് അധ്യാപകനെ കടിച്ചു
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് തെരുവുനായുടെ കടിയേറ്റു. പാലക്കയം കണ്ണാംപാടത്ത് കെ.എ. ബാബുവിനാണ് കടിയേറ്റത്. സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് ആദ്യം നായ് കയറിയത്. പുറത്തേക്കോടിയ നായ് സ്റ്റാഫ് റൂമിൽനിന്ന് ഓടിയെത്തിയ ബാബുവിനെ കടിക്കുകയായിരുന്നു.

