ഭാരതാംബയെന്ന സ്ത്രീ പ്രത്യക്ഷപ്പെടുന്നത് കാവിവസ്ത്രം ധരിച്ച്; പൂവിട്ട് തൊഴുന്നത് ഭരണഘടനാലംഘനം -വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു.ഭരണഘടനയുടെ അനുഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. അതോടൊപ്പം, അനുഛേദം 15 (1) മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു.
അനുഛേദം 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അത് ഏതൊരു മതപരമായ ആചാരവുംഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച്, മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങൾ വ്യക്തമാക്കുന്നു.
ഗവർണറുടെ ഈ പ്രവൃത്തി ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന്മേലുള്ളകടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഭാരതാംബ എന്നു വിളിക്കുന്ന വനിതയുടെ ചിത്രം താമരയിലോ സിംഹത്തിന് മുകളിലോ ഇരിക്കുന്ന രൂപത്തിലും കാവി വസ്ത്രം ധരിച്ചുമൊക്കെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ഒരു മതേതര രാജ്യത്തെയാണ് വിഭാവനം ചെയ്യുന്നത്.
അതായത്, ഭരണകൂടത്തിന് ഒരു പ്രത്യേക മതത്തോടും ആഭിമുഖ്യമോ വിവേചനമോ പാടില്ല. ഭാരതാംബയുടെ ചിത്രം ഒരു ഔദ്യോഗിക ചടങ്ങിൽ പ്രദർശിപ്പിക്കുകയും പൂജിച്ച് ആരാധിക്കുകയും ചെയ്യുന്നത്, രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ഒരു പ്രത്യേക മതപരമായ ചിഹ്നത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക്തങ്ങളോട് വിവേചനം കാണിക്കുന്നതായി തോന്നാനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

