സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത് ഗൗരവമായി കാണുന്നു; വിവാദത്തിൽ മലക്കം മറിഞ്ഞ് ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പ്രത്യേകിച്ച്, ശാസ്ത്രരംഗത്തെ വിദ്യാർഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.
ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട്ട് വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്നായിരുന്നു വിമർശനങ്ങൾക്ക് മന്ത്രിയുടെ മറുപടി. രാഹുലിനെ തടയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
'ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്‌നമാണ്. രാഹുല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ്. അയാള്‍ അയോഗ്യനല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അത് ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രം കാണിക്കാന്‍ പറ്റുന്ന മര്യാദയാണ്', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ പങ്കെടുത്തത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ശിവന്‍കുട്ടിയും മന്ത്രി എം.ബി രാജേഷും വേദിയിലുണ്ടായിരുന്നപ്പോഴാണ് രാഹുല്‍ വേദിയിലെത്തിയത്. തുടര്‍ന്ന് വി ശിവന്‍കുട്ടിയുമായി സംസാരിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്.
അതേസമയം, രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍ വേദി വിട്ടിറങ്ങിയിരുന്നു. പാലക്കാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധനായ എം.എല്‍.എക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

