ഇവിടുണ്ട് രാഷ്ട്രീയ പാർട്ടികളുടെയും ചിഹ്നങ്ങളുടെയും ചരിത്ര സൂക്ഷിപ്പുകാരൻ
text_fieldsരാഷ്ട്രീയ പാർട്ടികളുടെ ചിഹ്നശേഖരവുമായി െക. ശിവകുമാർ
ആലപ്പുഴ: ഓരോ തെരഞ്ഞെടുപ്പ് കഴിയുേമ്പാഴും ആലപ്പുഴയിെല സ്വകാര്യ സ്കൂൾ അധ്യാപകനായ കെ. ശിവകുമാറിെൻറ ശേഖരത്തിെൻറ വലുപ്പം വർധിക്കും.
സ്ഥാനാർഥികളുടെ അഭ്യർഥന നോട്ടീസുകൾ, ഫോട്ടോയും ചിഹ്നവുമുള്ള കാർഡ്, ലഘുലേഖകൾ, ബുക്ക്ലെറ്റുകൾ, വികസന-പ്രകടന പത്രികകൾ, ബാഡ്ജുകൾ, തെരഞ്ഞെടുപ്പ് ഗൈഡുകൾ തുടങ്ങിയവയെല്ലാം ജഗ്ഗു എന്ന ശിവകുമാറിെൻറ ശേഖരണത്തിലുണ്ട്.
1987ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം ഉൾപ്പെടുന്ന ശ്രീകണ്ഠേശ്വരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നോക്കിനിന്ന മൂന്നാം ക്ലാസുകാരെൻറ കൗതുകമാണ് വിപുലമായ ശേഖരണത്തിനു തുടക്കമിട്ടത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പേര്, കൊടി, നേതാവ്, ചിഹ്നം എന്നിവ ചേർത്ത് 'ബ്യൂറോ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്' എന്നൊരു ആൽബം ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പ് മുതൽ മാറാത്ത ചിഹ്നങ്ങളാണ് സി.പി.ഐയുടെ അരിവാളും നെൽക്കതിരും ഫോർവേഡ് ബ്ലോക്കിെൻറ നിൽക്കുന്ന സിംഹം എന്നിവ.
കോൺഗ്രസിന് ആദ്യകാലത്ത് നുകം വെച്ച കാളയും പശുവും കിടാവും ആയിരുന്നു ചിഹ്നം. ബി.ജെ.പിയുടെ ആദ്യ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന് ദീപവും സോഷ്യലിസ്റ്റ് പാർട്ടിക്ക് ആൽമരവുമൊക്കെയായിരുന്നു ചിഹ്നങ്ങൾ. ജനത പാർട്ടിയുടെ കലപ്പയേന്തിയ കർഷകൻ, പി.എസ്.പിയുടെ കുടിൽ എന്നിവയും ജനമനസ്സുകളിൽ ഇടം നേടിയ ചിഹ്നങ്ങളാണ്.
രാഷ്ട്രീയ പാർട്ടികൾ കൊടിക്കായി ചുവപ്പ്, പച്ച, നീല, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളാണ് അധികവും ഉപയോഗിക്കാറുള്ളത്. അന്യം നിന്നുപോയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിശദ വിവരവും ശിവകുമാറിെൻറ പക്കലുണ്ട്. എല്ലാ വിവരങ്ങളും ചിത്രസഹിതം ഉൾപ്പെടുത്തി പുസ്തക രചനയിലാണ് ഇദ്ദേഹം.
കോൺഗ്രസ് സേവാദൾ പ്രവർത്തകനായിരുന്ന പരേതനായ ആർ. കോലപ്പൻ ആചാരിയുടെ മകനായ ശിവകുമാർ ദേശീയ സ്കൗട്ട് പുരസ്കാര ജേതാവ് കൂടിയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി ദർശനയാണ് ഭാര്യ. മകൾ പത്മശ്രീ ശിവകുമാർ.