എ.കെ. ആന്റണി വാർത്തസമ്മേളനം നടത്തി ആവശ്യപ്പെട്ട ശിവഗിരി, മാറാട് റിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുമ്പേ നിയമസഭ വെബ്സൈറ്റിൽ..!
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എ.കെ. ആന്റണി കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തി ആവശ്യപ്പെട്ട ശിവഗിരി, മാറാട് ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ടുകള്‍ വർഷങ്ങൾക്ക് മുമ്പേ നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചവ.
ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച കേരള ഹൈകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് വി. ഭാസ്കരൻ നമ്പ്യാരുടെ അന്വേഷണ റിപ്പോർട്ടും മാറാട് കലാപം സംബന്ധിച്ച തോമസ് പി. ജോസഫിന്റെ അന്വേഷണ റിപ്പോർട്ടുമാണ് നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുത്തങ്ങ വെടിവെപ്പ് അന്വേഷിച്ച സി.ബി.ഐ ഹൈകോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്.
പൊലീസ് അതിക്രമമുണ്ടായില്ലെന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്
തിരുവനന്തപുരം: 1995ൽ വർക്കല ശിവഗിരി മഠത്തിലെ പൊലീസ് നടപടിയിൽ അതിക്രമം നടന്നില്ലെന്ന് വ്യക്തമാക്കുന്ന ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് പുറത്ത്. അക്രമസക്തരായ ജനക്കൂട്ടമാണ് പൊലീസ് ലാത്തിച്ചാർജിന് ഇടയാക്കിയതെന്ന് ഇ.കെ. നായനാർ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി. ഭാസ്കരൻ നമ്പ്യാർ കമീഷൻ കണ്ടെത്തി.
പൊലീസ് നടപടിയെ ന്യായീകരിക്കുന്ന 407 പേജുള്ള റിപ്പോർട്ട് എ.കെ. ആന്റണിയുടെ വാദങ്ങൾ ശരിവെക്കുന്നതാണ്. ശിവഗിരിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ബലപ്രയോഗം നടന്നു. അത് മഠത്തിൽ പ്രവേശിക്കാനും തടസ്സങ്ങൾ നീക്കാനും കല്ലേറിൽനിന്ന് സ്വയം രക്ഷപ്പെടാനുമായിരുന്നു.
ജനക്കൂട്ടം രോഷാകുലരായപ്പോൾ ഒന്നോ രണ്ടോ പൊലീസുകാർ ധൃതിപിടിച്ച് പ്രവർത്തിച്ചതിനെ വിന്യസിക്കപ്പെട്ട മുഴുവൻ പൊലീസുകാരും അതിക്രമം നടത്തിയെന്ന തരത്തിൽ കാണാനാവില്ല. പ്രതികൂല സാഹചര്യത്തിൽ പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത്.
സന്യാസിമാരുൾപ്പെടെ 58 പേർക്കും 49 പൊലീസുകാർക്കും പരിക്കേറ്റു. ജനക്കൂട്ടം അക്രമാസക്തരായി കല്ലെറിഞ്ഞപ്പോഴാണ് പൊലീസിന് നടപടിയെടുക്കേണ്ടിവന്നത്. പൊലീസുകാർ ഗെസ്റ്റ് ഹൗസിനും വാഹനങ്ങൾക്കും കേടുപാട് വരുത്തിയെന്ന് കരുതുന്നില്ല. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം അക്രമാസക്തരായ ജനക്കൂട്ടത്തിന് മാത്രമാണെന്നും കമീഷൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

