കോണ്‍ഗ്രസ് ബന്ധം: പഴയ നയം തുടര്‍ന്നാല്‍ ബംഗാളില്‍ പാര്‍ട്ടി ഇല്ലാതാകും –യെച്ചൂരി
text_fieldsകോഴിക്കോട്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പഴയ നിലപാട് തുടര്‍ന്നാല്‍ ബംഗാളില്‍ സി.പി.എം തകരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്താന്‍ വിശാല രാഷ്ട്രീയ സഹകരണം അനിവാര്യമാണ്. അതുകൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും യെച്ചൂരി ‘മീഡിയവണി’നോട് പറഞ്ഞു. രാഷ്ട്രീയ കരടുരേഖയെച്ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെ ആദ്യമായാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഒരു ചാനല്‍ അഭിമുഖത്തില്‍ തെൻറ നിലപാട് വ്യക്തമാക്കുന്നത്.
രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായി സാമുദായികാടിസ്ഥാനത്തിലുള്ള മത്സരമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്. ഭരിക്കുന്ന പാർട്ടി ന്യൂനപക്ഷവർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. അതിെൻറ ഫലമായി മറുവശത്ത് ഭൂരിപക്ഷ വർഗീയത വളരുന്നു. ഇവ രണ്ടും പരസ്പരം സഹായിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇടപെടാനുള്ള ജനാധിപത്യഅവസരം ഇത് നഷ്ടപ്പെടുത്തുന്നു. ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വർഗീയധ്രുവീകരണം വ്യക്തമാണ്. ബംഗാളില്‍ കമ്യൂണിസ്റ്റ് പാർട്ടി പൂര്‍ണമായി തകരുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പരമാവധി ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനാവശ്യമായ യുക്തിഭദ്രമായ ഇടപെടലാണ് ഈ ഘട്ടത്തില്‍ ഉണ്ടാവേണ്ടത്. പഴയ നിലപാട് തുടര്‍ന്നാല്‍ സി.പി.എം ഇവിടെ ഇല്ലാതാകും.
കേരളത്തിലെ സ്ഥിതി ബംഗാളില്‍നിന്ന് വ്യത്യസ്തമാണ്. വിശാല അർഥത്തിലുള്ള സഹകരണം കേരളത്തിലെ സി.പി.എമ്മിനെ ദോഷകരമായി ബാധിക്കില്ല. ദേശീയതലത്തില്‍ യു.പി.എക്ക് പിന്തുണ നല്കിയപ്പോള് അത് കേരള സി.പി.എമ്മിനെ ബാധിച്ചില്ല. കേരളത്തില്‍ യു.ഡി.എഫിനെതിരെ അന്ന് മികച്ച വിജയമാണ് നേടിയത്. ബി.ജെ.പി മുഖ്യ ശത്രുവാണെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. താന്‍ കോണ്‍ഗ്രസ് അനുകൂലിയാണെന്ന ആക്ഷേപം പാർട്ടിഘടകത്തില്‍ നേരിടേണ്ടി വന്നിട്ടില്ല.
ബി.ജെ.പിയെ നേരിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മയിലൂടെ വോട്ടുകള്‍ സമാഹരിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. തുറന്ന ജനാധിപത്യസംവിധാനമാണ് പാര്‍ട്ടിയില്‍ ഉള്ളത്. അതിനാല്‍ തെൻറ നിലപാട് വീണ്ടും ഉന്നയിക്കും. മൂന്ന് കാര്യങ്ങളാണ് പാര്‍ട്ടി മുഖ്യമായി പരിഗണിക്കേണ്ടത്. ഒന്നാമത് പാര്‍ട്ടിയുടെ രാഷ്ട്രീയശക്തി വര്‍ധിപ്പിക്കുക. രണ്ടാമതായി ഇടതുപാര്‍ട്ടികളുടെ ഏകോപനം. രാജ്യത്തെ ജനാധിപത്യ പാർട്ടികളെ വിശാലനയത്തിെൻറ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുകയെന്നതാണ് മൂന്നാമത്തേത്. ഇതിന് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. താന്‍ സെക്രട്ടറി സ്ഥാനത്ത് തുടരേണാ എന്ന കാര്യം പാർട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
