രക്ഷാപ്രവർത്തനം: കൃത്രിമം കണ്ടെത്തിയത് എസ്.ഐ.ടി; ഒടുവിൽ അട്ടിമറിയിൽ ‘ഉന്നതൻ’ കുടുങ്ങി
text_fieldsപിണറായി വിജയൻ, എം.ആർ. അജിത് കുമാർ
ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ അട്ടിമറി കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ പങ്കിനൊപ്പം രേഖകളിൽ കൃത്രിമം വരുത്തിയയും കണ്ടെത്തിയത് എസ്.ഐ.ടിയുടെ പുനരന്വേഷണം. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ആദ്യമന്ത്രിസഭ യോഗത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് നവകേരളസദസ്സ് യാത്രക്കിടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കമുള്ള പ്രതികളെ കേസിൽനിന്ന് രക്ഷിക്കാൻ മുൻ അന്വേഷണസംഘം രേഖകളിൽ കൃത്രിമം നടത്തിയതായി എസ്.ഐ.ടി കണ്ടെത്തിയത്.
ആദ്യ കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷ ജീവനക്കാരൻ എസ്. സന്ദീപ് എന്നിവർ മാത്രമായിരുന്നു പ്രതികൾ. എസ്.ഐ.ടി അന്വേഷണത്തിൽ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ കൂടി പ്രതിയാക്കി കേസെടുത്തു. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ തിരുവനന്തപുരത്തെ ഓഫിസിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ആലപ്പുഴയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ കുരുക്ക് മുറുകിയത്.
നേതാക്കളെ ആക്രമിച്ച ഗൺമാൻ അടക്കമുള്ള പ്രതികൾ നിയമനടപടി നേരിടാതെയിരിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനും ചില രേഖകൾ മാറ്റുകയും പകരം പുതിയത് വെച്ചതായും കണ്ടെത്തി. കേസ് രേഖകളിൽ തിരുത്തലും മാറ്റവും വരുത്തിയതിനെക്കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗായാണ് പൊലീസുകാരെ ചോദ്യം ചെയ്തത്. അങ്ങനെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ പങ്ക് വ്യക്തമായത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള കൃത്യമായ അന്വേഷണവും സഹായകരമായി.
മുൻ അന്വേഷണസംഘം പലതവണ വിളിച്ചിട്ടും ഹാജരാകാതിരുന്ന ഗൺമാന്മാർ ഉൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ ആലപ്പുഴയിലെത്തിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനൊപ്പം മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. നേതാക്കളെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം ഒഴികെയുള്ള മുഴുവൻ രേഖകളും തെളിവുകളും ഉൾപ്പെടുത്തി വിശദ റിപ്പോർട്ടാണ് എസ്.ഐ.ടി ഡി.ജി.പിക്ക് സമർപ്പിച്ചത്. ഒരുമാസമായിട്ടും നടപടിയെടുക്കാൻ വൈകിയതിൽ കോൺഗ്രസിലും അതൃപ്തി പുകയുന്നതിനിടെയാണ് സസ്പെൻഷൻ.
വിട്ടുവീഴ്ചയില്ലാതെ ഇരകൾ
രക്ഷാപ്രവർത്തന കേസിന്റെ തുടക്കം മുതൽ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതുവരെ മർദനത്തിന് ഇരയായ എ.ഡി. തോമസ് എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും സ്വീകരിച്ചത് വീട്ടുവീഴ്ചയില്ലാത്ത നിലപാട്. കേസ് അന്വേഷിച്ച ആദ്യ സംഘത്തിന് വിഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളടക്കം കൈമാറിയിട്ടും നടപടിയുണ്ടായില്ല. ഇതിൽ പതറാതിരുന്ന ഇരുവരും ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. മർദിക്കുന്ന ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷമാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

