പത്മകുമാറിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടി; വീണ്ടും അറസ്റ്റ് ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കൊള്ളയിലും അറസ്റ്റ് രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ വീണ്ടും കേസ്. ശബരിമലയിലെ ദ്വാരപാലക ശിൽപ പാളിയിലെ സ്വർണമോഷണ കേസിലാണ് സി.പി.എം നേതാവായ എ. പത്മകുമാറിനെ എസ്.ഐ.ടി പ്രതി ചേര്‍ത്തത്. ഈ കേസിൽ പത്മകുമാറിന്റെ അറസ്റ്റ് പൂജപ്പുര സെൻട്രൽ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തി.
കട്ടിളപ്പടിയിലെ സ്വര്‍ണക്കവർച്ചയിലാണ് പത്മകുമാറിനെ നേരത്തെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. ദ്വാരപാലക ശിൽപ പാളികളിലെ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്ന ദിവസമായ വ്യാഴാഴ്ചയാണ് രണ്ടാമത്തെ കേസിലും പ്രതിചേര്‍ത്തുകൊണ്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് എസ്.ഐ.ടി കോടതിക്ക് കൈമാറിയത്. ഇതിനിടെ, പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് നീട്ടി.
ദ്വാരപാലക ശിൽപത്തിലെ സ്വർണക്കവർച്ചയിൽ 10 പ്രതികളും കട്ടിളപ്പടിയിലെ സ്വർണക്കവർച്ചയിൽ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് അടക്കം എട്ട് പ്രതികളുമാണ് നേരത്തെ ഉണ്ടായിരുന്നത്.
രണ്ടാമത്തെ കേസിലും പ്രതി ചേർക്കപ്പെട്ടതോടെ പത്മകുമാറിന് കൂടുതൽ കുരുക്കാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഒപ്പമുണ്ടായിരുന്ന മറ്റു അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹര്‍ജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉള്‍പ്പെടെ എല്ലാകാര്യവും കൂട്ടായെടുത്ത തീരുമാനമെന്നാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പത്മകുമാർ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പാണ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷകൾ കോടതി തള്ളിയതോടെ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം എസ്.ഐ.ടി ആരംഭിച്ചിട്ടുണ്ട്. ജയശ്രീ നാലാം പ്രതിയും ശ്രീകുമാർ ആറാം പ്രതിയുമാണ്. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. എന്നാൽ, ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

