കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് പോറ്റി; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ കട്ടിളപ്പാളി കേസിൽ കൂടുതത വ്യക്തത തേടിയായിരുന്നു ജയിലിലെത്തി ചോദ്യം ചെയ്യൽ.
ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽനിന്ന് സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് പോറ്റിയുടെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസമാകാനിരിക്കെയാണ് ഈ നീക്കം.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട് എന്നതിനാൽ, വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകളും ഉടൻ ശേഖരിക്കും. പഴുതടച്ച കുറ്റപത്രം തയാറാക്കി പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭിക്കാൻ കോടതിയിൽ എസ്.ഐ.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപത്തിനും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽനിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും.
‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി എസ്.ഐ.ടി വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി.
സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽനിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. നഷ്ടമായ സ്വര്‍ണത്തിന്‍റെ അളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം.
മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി
സ്വര്‍ണക്കൊള്ള കേസില്‍ വിശദ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്.ഐ.ടിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. എന്നാല്‍, ഇ.ഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്.ഐ.ടിയുടെ നിലപാട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്.ഐ.ടി ഇ.ഡിക്ക് നല്‍കേണ്ടത്. എസ്.പി എസ്. ശശിധരന്‍ നേരിട്ടാണ് നിര്‍ണായക മൊഴി വിവരങ്ങള്‍ സൂക്ഷിക്കുന്നത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബുവിന്‍റെ മൊഴിയെടുക്കാൻ ഇ.ഡി ഈയാഴ്ച നോട്ടിസ് നൽകും. കൊച്ചി ഓഫിസിൽ ഹാജരാകാനാകും നോട്ടിസ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

