പി.എസ്.സി ചെയർമാന് കുരുക്ക്; വീണ്ടും ചോദ്യം ചെയ്യാൻ എസ്.ഐ.ടി
text_fieldsഎം.ആർ. ബൈജു
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന് കുരുക്ക് മുറുകുന്നു. വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് എസ്.ഐ.ടി. നിലവിൽ അറസ്റ്റിലായ അഡീ. സെക്രട്ടറി ആർ. ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവർക്കൊപ്പമിരുത്തി ചെയർമാനെയും ചോദ്യം ചെയ്യാനാണ് നീക്കം. ചെയർമാനെതിരായ മൊഴികൾ ലഭിച്ച സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷം നിലവിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലും എം.ആർ. ബൈജുവിനെ പ്രതിചേർക്കാനാണ് എസ്.ഐ.ടി ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
അറസ്റ്റിലായ ആർ. ഹരിയും പി. സതീഷും നൽകിയ മൊഴികൾ പരസ്പരം പഴിചാരിയും പി.എസ്.സിയുടെ ഉന്നതരെയും മറ്റ് ചില ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ചുള്ളതുമാണ്. അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകാനും എസ്.ഐ.ടി ഉദ്ദേശിക്കുന്നു. അന്ന് ഇവർക്കൊപ്പം ചെയർമാനെയും ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്. നിലവിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ഒരിക്കൽ കൂടി എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വൃത്തങ്ങൾ പറഞ്ഞു.
പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ക്രമക്കേടുകൾക്ക് വഴിവച്ചെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. രാഷ്ട്രീയ ഇടപെടലുകൾ പല നിയമനങ്ങളിലുമുണ്ടായിട്ടുണ്ട്. ചോദ്യങ്ങൾ തയാറാക്കിയ പാനലും മൂല്യനിർണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാനാണെന്ന പി.എസ്.സി അംഗങ്ങളുടെ മൊഴികളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
ഏകപക്ഷീയ ഇടപെടലാണ് പലപ്പോഴും പി.എസ്.സിയിലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന മൊഴിയും ഉണ്ട്. ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്നും പല കാര്യങ്ങളും താൻ അറിഞ്ഞിരുന്നില്ലെന്നുമുള്ള പി.എസ്.സി സെക്രട്ടറിയുടെ നിർണായക മൊഴിയുമുണ്ട്.
അഡീഷനൽ സെക്രട്ടറി ഹരിയും ചെയർമാൻ എം.ആർ. ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നതെന്ന നിർണായക മൊഴികളുമുണ്ട്. ആ സാഹചര്യത്തിൽ ഈ മൊഴികാളിലെല്ലാം വ്യക്തത വരുത്താനാണ് ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുക. അതിന് പുറമെ പി.എസ്.സിയുമായി ബന്ധപ്പെട്ട് എസ്.ഐ.ടിക്ക് ലഭിച്ച 180ലധികം പരാതികളിൽ അധികവും ചെയർമാനെതിരെയുള്ളതാണ്.

