എസ്.ഐ.ടി: സമ്മർദം ചെലുത്തുന്നത് ഐ.പി.എസ് ഉദ്യോഗസ്ഥർ- സതീശൻ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലപ്പെടുത്തിയ രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ എസ്.ഐ.ടിക്ക് മേൽ സമ്മർദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മര്യാദയുടെ പേരിൽ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. ഞങ്ങളെ കൊണ്ട് അവരുടെ പേരുകൾ പറയിപ്പിക്കരുത്. എസ്.ഐ.ടി യെ സ്വാധീനിക്കാനാണ് ശ്രമം. ദയവ് ചെയ്ത് മുഖ്യമന്ത്രിയുടെ ഓഫിസും ഉദ്യോഗസ്ഥരും ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്ത് പറയും.
സ്വർണക്കൊള്ളയെ ഹൈകോടതി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ കൊളള തുടരുമായിരുന്നു. ഹൈകോടതി നിയോഗിച്ച എസ്.ഐ.ടിയുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വലിയ സമ്മർദമുണ്ടായിരുന്നു.
അന്വേഷണം മന്ദഗതിയിലായി എന്ന ആരോപണം ഞങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് ഹൈകോടതിയും ഇത് ശരിവച്ചു. അയ്യപ്പന്റെ സ്വർണം കവർന്ന കേസിൽ സൂക്ഷ്മതയോടെ അന്വേഷണം നടക്കണം. ഞങ്ങൾ അത് ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. എവിടെ പാളിച്ച വന്നാലും അത് പറയും. എസ്.ഐ.ടി യിൽ ഞങ്ങൾ ഇത് വരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ കുറ്റവാളികളെ അവർ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നാണ് പ്രതീക്ഷ. എസ്.ഐ.ടി അല്ല സി.ബി.ഐ ആണ് വേണ്ടതെന്ന് പറയാനുള്ള സാഹചര്യം ഉണ്ടാക്കരുത്.
കാമരാജ് കോൺഗ്രസിന് മുന്നിൽ യു.ഡി.എഫ് വാതിൽ അടച്ചു. ഒരു കാരണവശാലും അത് ഇനി തുറക്കില്ല. വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം സംസാരിച്ചിരുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിൽ വ്യക്തിപരമായ പരാമർശത്തിനില്ല. സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച നടന്നിട്ടില്ല. ബാക്കി എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

