സഹോദരൻ വാങ്ങിയ കടത്തിന് ജപ്‌തി; പെരുവഴിയിലായി വയോധിക സഹോദരിമാർ
text_fieldsകുറ്റിക്കാട്ടൂരിൽ ജപ്തി ചെയ്ത വീടിനു മുന്നിലിരിക്കുന്ന വയോധികരായ സഹോദരിമാർ
കുറ്റിക്കാട്ടൂർ: സഹോദരൻ വാങ്ങിയ കടത്തിന് കോടതി വിധിയെത്തുടർന്ന് വയോധികരായ സഹോദരിമാരുടെ വീട് ജപ്‌തി ചെയ്തു. നടപടിയെത്തുടർന്ന് പെരുവഴിയിലായ സഹോദരിമാർ വീടിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്നു. കുറ്റിക്കാട്ടൂർ സ്വദേശികളായ പ്രേമ, അമൃതവല്ലി എന്നിവരാണ് പെരുവഴിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ഉദ്യോഗസ്ഥരെത്തി വീട് ജപ്തി ചെയ്തത്.
60 വയസ്സിലേറെ പ്രായവും മക്കളോ മറ്റോ ആശ്രയത്തിന് ഇല്ലാത്തവരുമായ സഹോദരിമാർ ഇതോടെ പെരുവഴിയിലായി. മാതാവ് തങ്ങൾക്ക് നൽകിയ വീട് വിട്ട് മറ്റെവിടെയും പോകില്ലെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രിയിലടക്കം വീടിനുമുന്നിൽ കുത്തിയിരുന്നത്. ജപ്തിസമയത്ത് പുറത്തിട്ട വീട്ടുസാധനങ്ങൾ വീടിന്റെ ഉമ്മറത്ത് വെച്ച് സമീപത്ത് കുത്തിയിരിക്കുകയാണ് ഇവർ. റസാഖ് മാസ്റ്റർ എം.എൽ.എയും ഗ്രാമ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2010ൽ നിര്യാതനായ ഇവരുടെ സഹോദരൻ രാജഗോപാൽ നായർ ഫറോക്കിലുള്ള സ്വകാര്യ വ്യക്തിയിൽനിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങിയിരുന്നത്രെ. ഈ വ്യക്തി നൽകിയ കേസിൽ കോടതി വിധിയെതുടർന്നാണ് ജപ്തി നടപടിയുണ്ടായത്.
സഹോദരൻ പണം വാങ്ങിയെന്ന കാര്യം സഹോദരിമാർ അറിയുന്നത് കോടതി നടപടിയെതുടർന്നാണ്. സഹോദരൻ എന്തിനാണ് പണം വാങ്ങിയതെന്ന് അറിയില്ലെന്ന് ഇവർ പറയുന്നു. കടം വാങ്ങിയതിന്റെ രേഖ ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ സമർപ്പിക്കാമെന്ന് വ്യക്തി അറിയിക്കുകയായിരുന്നു. ഒരു കാരണവശാലും വീട്ടിൽ നിന്ന് ഇറങ്ങില്ലെന്ന് സഹോദരിമാർ പറഞ്ഞെങ്കിലും കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന്, ഇരുവരുടേയും എതിർപ്പ് വകവെക്കാതെ പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു.

