You are here

സഭയിൽനിന്ന് പുറത്തുപോകണം; സിസ്​റ്റർ ലൂസി കളപ്പുരക്ക് അന്ത്യശാസനം

11:11 AM
15/03/2019

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്​റ്റർ ലൂസി കളപ്പുരയോട് സഭയിൽനിന്ന് സ്വയം പുറത്തുപോകണമെന്നാവശ്യപ്പെട്ട് എഫ്.സി.സിയുടെ (ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ കൺഗ്രഗേഷൻ) അന്ത്യശാസന നോട്ടീസ്. സിസ്​റ്റർ സഭാചട്ടങ്ങൾ ലംഘി​െച്ചന്നും പുറത്തുപോയില്ലെങ്കിൽ സഭ പുറത്താക്കുമെന്നും നോട്ടീസിലുണ്ട്. സ്വയം വിട്ടുപോകാനുള്ള സൗകര്യം ചെയ്തുനൽകും. വിട്ടുപോകുന്നില്ലെങ്കിൽ അതിന് മതിയായ കാരണം വ്യക്തമാക്കി മറുപടി നൽകണമെന്നും 18 പേജുള്ള നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 16നകം കാരണം വ്യക്തമാക്കണമെന്നാണ് നിർദേശം. 

ചട്ടം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തു, മാസശമ്പളം എഫ്.സി.സി സന്യാസ സഭക്ക്​ നൽകിയില്ല, മദർ സുപ്പീരിയറിനെ നേരിൽ കാണാനുള്ള ഉത്തരവ് തുടർച്ചയായി ലംഘിച്ചു, അനുമതിയില്ലാതെ ഡ്രൈവിങ് പഠിച്ചു, സ്വന്തം പേരിൽ കാർ വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു, മുറിയിൽ മറ്റൊരാളെ താമസിപ്പിച്ചു, അധികൃതരുടെ അനുമതിയില്ലാതെ പലതവണ കോൺവൻറിൽനിന്ന് പുറത്തുപോവുകയും രാത്രി വൈകി തിരിച്ചുവരുകയും ചെയ്തു, മതകാര്യങ്ങളിൽ എഫ്.സി.സിയുടെ നിയമങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിസ്​റ്ററുടെ മേൽ നോട്ടീസിലൂടെ ചുമത്തുന്നത്. എന്നാൽ, മുൻ നോട്ടീസുകളിലുണ്ടായിരുന്ന, കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു എന്ന കുറ്റം ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല.  

ഇത് മൂന്നാം തവണയാണ് സിസ്​റ്ററിന് എഫ്.സി.സി സുപ്പീരിയർ ജനറൽ ആൻ ജോസഫ് നോട്ടീസ് നൽകുന്നത്. നേര​േത്ത നൽകിയ നോട്ടീസിനനുസരിച്ച് മാനന്തവാടി സ​െൻറ് മേരീസ് ​േപ്രാവിൻസ് അംഗമായ ലൂസി കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് സംരക്ഷണത്തിൽ മദർ സുപ്പീരിയറിനെ കാണാനെത്തിയിരുന്നു. പൊലീസ് കൂടെയുണ്ടായിരുന്നതിനാൽ ലൂസിയോട് കൂടുതലൊന്നും സംസാരിക്കാനായില്ലെന്നും ഇക്കാരണത്താലാണ് കത്തിലൂടെ വിശദമായി അറിയിക്കുന്നതെന്നും നോട്ടീസിലുണ്ട്. 

നടപടി ഏകാധിപത്യപരം -ജെ.സി.സി
കൊച്ചി: സിസ്​റ്റർ ലൂസി കളപ്പുരയെ പുറത്താക്കാനുള്ള എഫ്.സി.സി സന്യാസ സഭയുടെ നടപടിയിൽ പ്രതിഷേധവുമായി ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ. ഏകാധിപത്യപരവും മനുഷ്യാവകാശവിരുദ്ധവുമാണ്. സഭയിലെ അടിമത്തത്തെ ചോദ്യംചെയ്തതല്ലാതെ പല പ്രമുഖ സഭാമേധാവികളുടെയും പേരിൽ ആരോപിക്കപ്പെട്ടതുപോലെ അഴിമതി, അസാന്മാർഗിക, ദുർമാതൃക ആക്ഷേപം ലൂസിയുടെ പേരിലില്ല. 17വയസ്സുമുതൽ ക്ലാരിസ്​റ്റ് സമൂഹത്തിനായി അവരുടെ യൗവനവും സേവനവും ഉപയോഗപ്പെടുത്തിയശേഷം 54ാം വയസ്സിൽ ചണ്ടിയായി വലിച്ചെറിഞ്ഞ് പുറത്താക്കുന്നത് അന്യായവും മനഷ്യത്വവിരുദ്ധവുമാണെന്ന് ജനറൽ സെക്രട്ടറി ജോർജ് ജോസഫ് വ്യക്തമാക്കി.  

നടപടിയുണ്ടായാൽ നിയമപരമായി നേരിടും -സിസ്​റ്റർ ലൂസി
മാനന്തവാടി: സഭയിൽനിന്ന് പുറത്താക്കിയാൽ നിയമപരമായി നേരിടുമെന്ന് കാരക്കാമല കോൺഗ്രിേഗഷൻ മഠം അംഗം സിസ്​റ്റർ ലൂസി കളപ്പുര. സഭയിൽനിന്ന്​ സ്വയം പുറത്തുപോകാൻ തയാറല്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാൽ സ്വയം പുറത്തുപോ​േകണ്ട കാര്യമില്ല. സഭയാണ് തെറ്റു തിരുത്തേണ്ടതെന്നും അവർ പറഞ്ഞു.
 

Loading...
COMMENTS