സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റർ ലൂസി
text_fieldsകൊച്ചി: കത്തോലിക്ക സഭക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. ഇരക്കൊപ്പം നിൽക്കാൻ സഭ തയാറാകണം. തന്നെയും കന്യാസ്ത്രീ സമൂഹത്തെയും അപകീർത്തിപ്പെടുത്തിയ ഫാദർ നോബിൾ തോമസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്. ഇവർക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. വഞ്ചി സ്ക്വയറിൽ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ലൂസി കളപ്പുര.
സിസ്റ്റർ ലൂസിക്കെതിരായ ശിക്ഷാ നടപടികൾ പിൻവലിക്കണം, കന്യാസ്ത്രീ മഠത്തിൽ ചേരാനുള്ള പ്രായം 23 ആയി ഉയർത്തണം, ചർച്ച് ആക്ട് നടപ്പാക്കണം, സിസ്റ്റർ ലൂസി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വൈദികർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫേസ്ബുക്ക് കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചത്.
സിസ്റ്റർ ലൂസിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് ഐക്യദാർഢ്യ കൂട്ടായ്മ
കൊച്ചി: സന്യാസിനി സഭയിൽനിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സാമൂഹികപ്രവർത്തക കെ.എം. സോയ അധ്യക്ഷത വഹിച്ചു.
മലങ്കര ആക്ഷൻ കൗൺസിൽ ഫോർ ചർച്ച് ആക്ട് ബിൽ ഇംപ്ലിമെേൻറഷൻ (മക്കാബി) ഡയറക്ടർ യൂഹാനോൻ റമ്പാൻ ഉദ്ഘാടനം ചെയ്തു. സ്വയം മാറുകയല്ലാതെ മറ്റാർക്കും ഒരുവ്യക്തിയെ സന്യാസത്തിൽനിന്ന് നീക്കാൻ കഴിയില്ലെന്നും അത് ഒരുവ്യക്തിയും ദൈവവുമായുള്ള ഉടമ്പടിയാണെന്നും വേറെ ആരെങ്കിലും വിചാരിച്ചാൽ എടുത്തുകളയാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെട്ട ഇരക്ക് രാജ്യത്തിെൻറ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി നിഷേധിക്കപ്പെട്ടാൽ അത് നേടിയെടുക്കാൻ ഓരോ പൗരന്മാർക്കും അവകാശമുണ്ട്. ഇരയുടെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കാതെയുള്ള പ്രതികരണങ്ങളാണ് പല കോണുകളിൽനിന്നുമുണ്ടാകുന്നത്. ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അതിനെതിരെ തെറ്റിദ്ധാരണകൾ പരത്തുകയാണ് പലരും. ഒരിക്കൽപോലും അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാകുന്നില്ല. 30 വർഷംകൊണ്ട് 28 കന്യാസ്ത്രീകൾ കൊല്ലപ്പെട്ട നാടാണ് നമ്മുടേത്. ഈ സാഹചര്യങ്ങൾ മാറണമെങ്കിൽ ചർച്ച് ആക്ടിലെ നിർദേശങ്ങൾ നടപ്പാകണം. തെൻറ ഉള്ളിലെ ക്രിസ്ത്യൻ മൂല്യങ്ങളാണ് ഇവിടെ സമരത്തിനെത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
