സിസ്റ്റർ അമലയുടെ കൊലപാതകം: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം
text_fieldsപാലാ: പാലാ ലിസ്യൂ കാർമലൈറ്റ് കോൺവെൻറിലെ സിസ്റ്റർ അമലയെ (69) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ ്. കാസർകോട് വെഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെയാണ് (സതീഷ് നായർ -41) പാലാ അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി കഠിനതടവും 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊലപാതക കുറ് റത്തിനാണ് ജീവപര്യന്തം തടവ്. ഇതിനൊപ്പം ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കുന്നില്ലെങ്കിൽ മൂന്നുവർഷം കഠിനതടവ് അനുഭവിക്കണം.
ബലാത്സംഗത്തിന് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും പിഴ ഒടുക്കാത്തപക്ഷം രണ്ടുവർഷം കഠിനതടവും ഭവനഭേദനത്തിന് ഏഴുവർഷം കഠിനതടവും 30,000 രൂപ പിഴയും പിഴ ഒടുക്കുന്നില്ലെങ്കിൽ ഒരുവർഷം കഠിനതടവും അതിക്രമിച്ച് കയറലിന് മൂന്നുവർഷം കഠിനതടവും 30,000 രൂപ പിഴയും പിഴ ഒടുക്കുന്നില്ലെങ്കിൽ ഒമ്പതുമാസം കഠിനതടവുമാണ് ശിക്ഷിച്ചിട്ടുള്ളത്. ഇൗ ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ജയിലിൽകിടന്ന 1182 ദിവസം ഇതിൽ കുറക്കും.കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരുവിഭാഗം അഭിഭാഷകരുടെയും വാദം കോടതി കേട്ടു.
സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോർജ് ബോബനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അപ്പീലിന് പോകുമെന്ന് പ്രതിഭാഗം വക്കീൽ അഡ്വ. ഷെൽജി തോമസ് പറഞ്ഞു. വിധികേൾക്കാൻ സിസ്റ്റർ അമലയുടെ ബന്ധുക്കളും മഠത്തിൽനിന്ന് സിസ്റ്റേഴ്സും കോടതിയിലെത്തിയിരുന്നു. വിധിക്ക് പിന്നാലെ സതീഷ്ബാബുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ അവിടെ തടവിൽ കഴിയുകയായിരുന്നു.
2015 സെപ്റ്റംബർ 16ന് അർധരാത്രിയായിരുന്നു സംഭവം. മഠത്തിൽ അതിക്രമിച്ചുകയറിയ പ്രതി സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽകഴിഞ്ഞ സതീഷ് ഉത്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് ഹരിദ്വാറിലെ ആശ്രമത്തിൽനിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
