എസ്.ഐ.ആർ: ആക്ഷേപ സമയം തീർന്നു; പേര് ചേർക്കാൻ അപേക്ഷിച്ചത് 15.52 ലക്ഷം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയോടെ അവസാനിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ഡിസംബർ 23 മുതലാണ് പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പേര് ചേർക്കാൻ ഫോം 6 എ, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനോ താമസം മാറിയത് രേഖപ്പെടുത്തുന്നതിനോ ഫോം 8, വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോം 7 എന്നിവയാണ് ഇക്കാലയളവിൽ സ്വീകരിച്ചത്.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 11.47 ലക്ഷം പുതിയ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1.46 ലക്ഷം പേർ പ്രവാസികളാണ്. കരട് പട്ടികക്ക് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 4.05 ലക്ഷം അപേക്ഷകൾ (32925 പ്രവാസികൾ) ലഭിച്ചിരുന്നു. ഇത് കൂടി ചേരുമ്പോൾ എസ്.ഐ.ആർ കാലയളവിൽ ഇതുവരെ ലഭിച്ചത്15.52 ലക്ഷം അപേക്ഷകളാണ്. ഇതിൽ പ്രവാസികൾ 1.50 ലക്ഷമാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നത് സംബന്ധിച്ച് 17348 പരാതികളും ലഭിച്ചു.
ലഭിച്ച എല്ലാ അപേക്ഷകളും പരാതികളും നടപടിക്രമങ്ങൾ പാലിച്ച് പരിശോധിച്ച് തീർപ്പാക്കുമെന്ന് കമീഷൻ വ്യക്തമാക്കി. അംഗീകരിക്കപ്പെട്ട അപേക്ഷകൾ ഉൾപ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആകെയുള്ള 2.78 കോടി വോട്ടർമാരിൽ എന്യൂമറേഫഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ചത് 2.54 കോടി പേരാണ്.
24 ലക്ഷം പേരെ കണ്ടെത്താനാകാത്തവരായി കണക്കാക്കി പുറത്താക്കിയതോടെയാണ് കരട് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 2.54 ആയി ചുരുങ്ങിയത്. ഇതിൽ തന്നെ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പോരോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ട്. ഇവർക്കെല്ലാം നോട്ടീസ് നൽകി ഹിയറിങ് പുരോഗമിക്കുകയാണ്.
കരട് പട്ടികയിൽ ഉൾപ്പെട്ടുവെങ്കിലും വിദേശത്തുള്ളവരും മരണപ്പെട്ടവരുമടക്കം 9868 പേർ അന്തിമ പട്ടികയിൽ നിന്ന് പുറത്താവുമെന്ന് കമീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 1441 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരാണ്. 997 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിദേശ പൗരരും 7430 പേർ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണ്.
സമയം അവസാനിച്ചെങ്കിലും ഇനിയും അപേക്ഷിക്കാം
അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ജനുവരി 30ന് ശേഷവും പൊതുജനങ്ങൾക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. എന്നാൽ, ഇത്തരം അപേക്ഷകൾ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ തീർപ്പാക്കുകയുള്ളൂ. ഇതിൽ അർഹരായവരെ വോട്ടർപട്ടികയുടെ തുടർന്നുള്ള പുതുക്കലുകളിൽ അനുബന്ധ പട്ടികയിലൂടെ ഉൾപ്പെടുത്തും.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. അന്തിമ പട്ടികയിലെ അവസാന ക്രമനമ്പറിന് തൊട്ടുപിന്നാലെയുള്ള ക്രമനമ്പർ മുതലായിരിക്കും ഇവർക്ക് നൽകുക. പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകളും മാറ്റങ്ങളും അന്തിമ വോട്ടർപട്ടികയിൽ കൃത്യമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള പേര് ചേർക്കലുകൾക്ക് വോട്ടവകാശം കിട്ടുമെങ്കിലും ‘എസ്.ഐ.ആർ വെയിറ്റേജ്’ ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

