എസ്.ഐ.ആർ: ബി.എൽ.ഒക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsകോഴിക്കോട്: എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ബി.എൽ.ഒക്ക് സബ് കലക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്. പൊതുമരാമത്ത് വകുപ്പ് സീനിയർ ക്ലർക്ക് കുന്ദമംഗലം സ്വദേശി അസ്ലമിനാണ് സബ് കലക്ടർ എസ്. ഗൗതംരാജ് നോട്ടീസ് നൽകിയത്.
ബി.എൽ.ഒ കൃത്യമായി ജോലിചെയ്തില്ലെന്നാണ് സബ് കലക്ടർ നൽകിയ നോട്ടീസിലുള്ളത്. 984 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോറം വിതരണം ചെയ്തതെന്നാണ് ആരോപണം. അതേസമയം, കൃത്യമായി ജോലിചെയ്തിട്ടുണ്ടെന്നും ഫോറങ്ങളെല്ലാം വിതരണംചെയ്തുവെന്നും അസ്ലം പറഞ്ഞു.
കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ 96ാം ബൂത്തിന്റെ ചുമതലയായിരുന്നു അസ്ലമിന്. പരിചയമില്ലാത്ത പ്രദേശമായതിനാൽ ബൂത്ത് മാറ്റിനൽകാൻ വില്ലേജ് ഓഫിസറോട് ആറുമാസം മുമ്പ് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. എസ്.ഐ.ആർ നടപടി ക്രമങ്ങളുടെ ഭാഗമായി ഈ മാസം നാലിന് ആദ്യഘട്ടം 300 ഫോറവും പിന്നീട് 500ഉം മൂന്നാംഘട്ടത്തിൽ 200ഓളം ഫോറവും നൽകിയിരുന്നു.
നടപടികൾ പുരോഗമിക്കവേയാണ് ഫോറം വിതരണവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ച് ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത്. മാന്യമായി സംസാരിക്കണമെന്നും താനും സർക്കാർ ജീവനക്കാരനാണെന്നും പറഞ്ഞതിന് പിന്നാലെ സബ് കലക്ടർ, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടീസ് നൽകിയത്. എന്നാൽ, സബ് കലക്ടറെ കാണാനായി പോകുന്ന ദിവസംവരെ 500 ഓളം ഫോറങ്ങൾ വിതരണം ചെയ്തിരുന്നു. കാണാനെത്തിയപ്പോൾ സബ് കലക്ടർ മറ്റ് ജീവനക്കാർക്കിടയിൽവെച്ച് മോശമായി പെരുമാറുകയും തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അസ്ലം പറഞ്ഞു.
എന്യൂമറേഷൻ ഫോറം വിതരണം ചെയ്യാൻ വൈകിയത് സംബന്ധിച്ച് രേഖാമൂലം മറുപടി നൽകിയിട്ടും അത് വായിച്ചുനോക്കാൻ പോലും സബ് കലക്ടർ തയാറായിരുന്നില്ല. അതിന് ശേഷവും ഫോറം വിതരണം ചെയ്യുന്ന ജോലി തുടർന്നുവെന്നും നൽകാനുള്ളവ വിതരണംചെയ്ത് പൂർത്തിയാക്കിയെന്നും അസ്ലം പറഞ്ഞു. അതേസമയം, ബി.എൽ.ഒമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പരാതിപ്രകാരമാണ് ബി.എൽ.ഒക്ക് സബ് കലക്ടർ നോട്ടീസ് നൽകിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

