Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ ബി.ജെ.പി നിയമസഭ മാർച്ച്, 13ന് കുത്തിയിരിപ്പ്, 14ന് റാലി, 16ന് യുവമോർച്ച മാർച്ച്, പിന്നെ മഹിളാ മോർച്ച മാർച്ച്... കേരളത്തിൽ സമരപരമ്പരക്ക് സംഘ്പരിവാർ

text_fields
bookmark_border
https://www.madhyamam.com/tags/bjp-kerala
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതി​രെ ഡൽഹിയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനം തെരുവിലിറങ്ങുമ്പോൾ കേരളത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘ്പരിവാർ സംഘടനകളുടെ സമരപരമ്പരക്ക് നീക്കം. എസ് ഐ ആർ തെറ്റാണെങ്കിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കാരണം നടത്തി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി അധികാരത്തിലെത്തിയ വി ഡി സതീശൻ സർക്കാർ രാജി വെക്കണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചാണ് ബി.ജെ.പി തിങ്കളാഴ്ച നിയമസഭാ മാർച്ച് നടത്തുന്നത്.

കോൺഗ്രസിന്റെ ഇരട്ടനിലപാടും പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങളും തുറന്നുകാട്ടി നിയമസഭക്കകത്തും പുറത്തും പോരാട്ടം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. കാപ്പ വകുപ്പ് ദുരുപയോഗം ചെയ്ത് തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതനെ മാസങ്ങളോളം ജയിലിലടച്ച പൊലീസ് - സർക്കാർ നടപടിക്കെതിരെ സുഗതന്റെ കുടുംബവും വാർഡിലെ വോട്ടർമാരും തിരുവനന്തപുരം നഗരസഭ കൗൺസിലർമാരും നിയമസഭക്ക് മുന്നിൽ ഒക്ടോബർ 13ന് രാവിലെ 10മണിക്ക് കുത്തിയിരിപ്പ് സമരം നടത്തും. കുറ്റക്കാരായ പോലീസ് - സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.

കാപ്പ വകുപ്പ് രാഷ്ട്രീയ ആയുധമാക്കി നഗര ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ സഭയ്ക്കുള്ളിൽ തുറന്നു കാട്ടും. 14ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എസ് ഐ ആർ വിഷയത്തിൽ പ്രതിഷേധ റാലികളും പൊതുയോഗങ്ങളും നടക്കും. 16ന് പി എസ് സി തൊഴിൽ തട്ടിപ്പ് കേസിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നിയമസഭാ മാർച്ച് നടക്കും. മഹിളാ മോർച്ചയുടെ നിയമസഭാ മാർച്ച് അടുത്ത ആഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 17-31 വരെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എസ് ഐ ആർ, സിഎംആർഎൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി തെരുവ് സഭകളും പാർട്ടി നടത്തും -അഡ്വ എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എസ്.ഐ.ആറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെയും അതിലൂടെ അധികാരത്തിലെത്തിയ സർക്കാരുകളുടെ നിയമസാധുതയെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സഭയിൽ ആവശ്യപ്പെടും. ഡൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടും സ്വീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതരുത്.

ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് കോൺഗ്രസ് സ്വന്തം ചരിത്രം പരിശോധിക്കണം. അടിയന്തരാവസ്ഥയിലൂടെ പൗരാവകാശങ്ങൾ നിഷേധിച്ചതും 1959-ൽ കേരളത്തിലെ ഇ.എം.എസ് സർക്കാരിനെ ഭരണഘടനയുടെ 356-ാം അനുച്ഛേദം ഉപയോഗിച്ച് പിരിച്ചുവിട്ടതും കോൺഗ്രസ് ഭരണകാലത്താണ്. തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നവർ സ്വന്തം ഭരണകാലത്തെ നടപടികൾക്കും മറുപടി പറയണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതിന് ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങളുണ്ട്. തെരുവിൽ സംഘർഷം സൃഷ്ടിക്കുന്നതല്ല ജനാധിപത്യ സംരക്ഷണം. വന്ദേമാതരം വിളിച്ചതിന്റെ പേരിൽ സിപിഎം അനുയായികൾ തമിഴ് യൂട്യൂബർക്ക് നേരെ നടത്തിയ അതിക്രമം അപലപനീയമാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിലും ഹൈക്കോടതി ഉത്തരവിലും ഉയർന്നുവന്ന വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിക്കണം. തുടർനിയമനടപടികൾ വൈകുന്നതെന്തുകൊണ്ടെന്നും വ്യക്തമാക്കണം. നങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്ന ഭരണത്തിനായി ബിജെപിയുടെ പോരാട്ടം തുടരുമെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sangh Parivar plans protest series in Kerala
Next Story