എസ്.ഐ.ആർ തീർന്നില്ല, പിന്നാലെ ബൂത്ത് ക്രമീകരണം; ബി.എൽ.ഒമാർ സമ്മർദമുനയിൽ
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിലെ തിരിക്കിട്ട നടപടികൾക്ക് പിന്നാലെ ബൂത്ത് പുന:ക്രമീകരണത്തിനുള്ള ജോലികളും ആരംഭിച്ചതോടെ ബി.എൽ.ഒമാർ കൂടുതൽ സമ്മർദ്ദത്തിൽ. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1100 നും 1150നും മധ്യേ നിജപ്പെടുത്തിയാണ് ബൂത്ത് പുന:ക്രമീകരണം നടക്കുന്നത്. മിക്ക ജില്ലകളിലും ഇതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
രണ്ട് കിലോമീറ്റർ പരിധിയിലാകണം, നടപടികൾ സങ്കീർണം
സംസ്ഥാനത്തെ 70 ശതമാനം ബൂത്തുകളിലും 1200-1500 എന്ന നിലയിലാണ് വോട്ടർമാർ. ഇത് 1150 ൽ താഴെയായി പുന:ക്രമീകരിക്കുന്നത് ഭാരിച്ച ജോലിയാണ്. അധികമുള്ള വോട്ടർമാരെ സമീപത്ത് തന്നെയുള്ള മറ്റൊരു ബൂത്തിൽ ചേർക്കണം.
വോട്ടറുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിലായിരിക്കണം പുതിയ ബൂത്ത്. മാറ്റുമ്പോൾ ഒരു കുടുംബത്തിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ ഇവർ അഞ്ചും ഒരു ബൂത്തിൽ തന്നെയാകണം. ചേർക്കുന്ന വാർഡിലെ വോട്ടർമാരുടെ എണ്ണം 1150 ൽ കവിയാനും പാടില്ല.
ഒരു ബൂത്തിൽ നിന്ന് ഒരാളെയാണ് മറ്റൊരു ബൂത്തിലേക്ക് മാറ്റുന്നതെങ്കിൽപോലും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് പ്രതിനിധികളായ ബി.എൽ.എമാരുടെ സമവായം വേണം. വില്ലേജ് അധികൃതരും ബി.എൽ.ഒയും ഇവരുടെ യോഗം വിളിച്ചാണ് തീരുമാനത്തിലെത്തേണ്ടത്.
ഓരോ മണ്ഡലത്തിലും വർധിക്കുക 49 ബൂത്തുകൾ
ഒരു ബൂത്തിലെ അധികമായുള്ള 200 പേരെ മറ്റൊന്നിലേക്ക് മാറ്റണമെങ്കിൽ ആദ്യം പരിഗണിക്കുന്നത് ഈ ബൂത്ത് ഉൾക്കൊള്ളുന്ന കേന്ദ്രത്തിലെ മറ്റ് ബൂത്തുകളിൽ ഒഴിവുണ്ടോ എന്നതാണ്. ഇല്ലെങ്കിൽ രണ്ട് കിലോമീറ്റർ പരിധിയിലെ ബൂത്തുകൾ പരിഗണിക്കും. അതിനും വഴിയില്ലെങ്കിൽ തൊട്ടടുത്ത ബൂത്തുകളിൽ നിന്ന് അധികമായവരെ ഉൾപ്പെടുത്തി പുതിയ ബൂത്ത് രൂപവത്കരിക്കാനാകും ശ്രമം.
ഫലത്തിൽ, ഒരു വില്ലേജ്/ പഞ്ചായത്ത് പരിധിയിൽ ചുരുങ്ങിയത് ഏഴ് വരെ പുതിയ ബൂത്തുകൾ സൃഷ്ടിക്കപ്പെടും. ഏഴ് വില്ലേജുകൾ ഉൾപ്പെടുന്ന ഒരു മണ്ഡലത്തിൽ കുറഞ്ഞത് 49 ബൂത്തുകളാണ് പുതുതായി രൂപീകരിക്കപ്പെടുക. ഇതനുസരിച്ച് 140 മണ്ഡലങ്ങളിലുമായി 6860 ബൂത്തുകൾ വർധിക്കും.
ബി.എൽ.എമാരുടെ സാന്നിധ്യത്തിൽ അംഗീകരിക്കുന്ന പട്ടിക വില്ലേജോഫീസർമാർ വഴി തഹസീൽദാർമാരിലൂടെ കലക്ടർമാർക്ക് കൈമാറാനാണ് നിർദേശം. ചില ജില്ലകളിൽ ഇതിന് സമയപരിധി നിശ്ചയിച്ചതാകട്ടെ ഈ മാസം അവസാനമാണ്. അതായത് എസ്.ഐ.ആറിലെ തിരക്കിട്ട ജോലികൾക്ക് സമാന്തരമായാണ് ഈ ജോലികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

