എസ്.ഐ.ആർ: മാപ്പ് ചെയ്യാനാകാത്തവർ കൂടുതൽ തലസ്ഥാനത്ത്, തിരുവനന്തപുരത്ത് നോട്ടീസ് ലഭിക്കുക 3.92 ലക്ഷം പേർക്ക്
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിൽ മാപ്പിങ് ചെയ്യാനാകാത്തത് മൂലം രേഖകൾ ഹാജരാക്കേണ്ട 19.32 ലക്ഷം പേരിൽ ഏറ്റവും കൂടുതൽ തലസ്ഥാന ജില്ലയിൽ. 3.92 ലക്ഷം പേർക്കാണ് തിരുവനന്തപുരത്ത് നോട്ടീസ് ലഭിക്കുക. എറണാകുളം (2.06 ലക്ഷം), തൃശൂർ (1.95 ലക്ഷം) എന്നീ ജില്ലകളാണ് ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 2002 ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ രക്ഷിതാക്കളുടെ പേരോ ഉൾപ്പടാത്തവർക്കാണ് മാപ്പിങ് ചെയ്യാനാകാത്തത്.
എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകിയതിനാൽ ഇവർ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം അന്തിമ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ കമീഷൻ നിർദേശിച്ച തിരിച്ചറിയിൽ രേഖകളുമായി അതാത് നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന ഹിയറിങിന് ഹാജരാകണമെന്നതാണ് വ്യവസ്ഥ. മാപ്പ് ചെയ്യാത്ത വോട്ടർമാർ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്,18,777 പേർ.
തിരുവനന്തപുരത്ത് 3.92 ലക്ഷം പേരിൽ 3.39 ലക്ഷം നോട്ടീസ് തയ്യാറാക്കിയെന്ന് കമീഷൻ പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് കൈമാറിയത് 314 പേർക്ക് മാത്രമാണ്. മിക്ക ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആകെയള്ള 19.32 ലക്ഷം പേരിൽ സംസ്ഥാനത്താകെ 18,915 പേർക്കാണ് ഇതുവരെ നോട്ടീസ് നൽകാനായത്. അതായത് ജില്ലാ ശരാശരി നോക്കിയാൽ 1,351 പേർക്ക് മാത്രം. പട്ടിക പ്രകാരം ഏറ്റവും കൂടുതൽ നോട്ടീസുകൾ കൈമാറിയത് കണ്ണൂർ ജില്ലയിലാണ് (3,632). ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും (205).
അതേസമയം 19.32 ലക്ഷം പേരിൽ മാപ്പ് ചെയ്യാനാകാത്ത 5.12 ലക്ഷം പേരുടെ രേഖകൾ ബി.എൽ.ഒമാർ സമാഹരിച്ച് ആപ് വഴി അപ്ലോഡ് ചെയ്തിട്ടുണ്ട്. 63,730 പേരുടെ രേഖകൾ സമാഹരിച്ച് ഡിജിറ്റൈസ് ചെയ്ത കോട്ടയമാണ് ഇക്കാര്യത്തിൽ മുന്നിൽ. 1,330 പേരുടെ രേഖകൾ മാത്രം സമാഹരിച്ച കാസർകോടാണ് പട്ടികയിൽ പിന്നിൽ. ഇതിനോടകം രേഖകൾ നൽകിയത് 5.12 ലക്ഷം പേരെ ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. അതേ സമയം ഇക്കാര്യത്തിൽ ഇ.ആർ.ഒ മാരാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും മറിച്ചൊരു നിർദേശം നൽകാൻ നിയമപരാമായി കഴിയില്ലെന്നാണ് കമീഷന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

