എസ്.ഐ.ആർ രക്തരഹിത വംശഹത്യ -പരകാല പ്രഭാകർ
text_fieldsകോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് സാമ്പത്തിക-രാഷ്ട്രീയകാര്യ വിദഗ്ധന്‍ പരകാല പ്രഭാകർ. എസ്.ഐ.ആറിന്റെ പേരില്‍ വോട്ടവകാശവും പൗരത്വവും നിഷേധിക്കരുത് എന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ പ്രതിജ്ഞ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടിക ശുദ്ധീകരണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ സാമൂഹികഘടന മാറ്റുകയാണ് ലക്ഷ്യം. വോട്ടർപട്ടികയിൽനിന്ന് ഒരു പ്രത്യേകവിഭാഗം പുറത്താക്കപ്പെടുന്നതോടെ നിയമനിർമാണ സഭകളിൽ അവരുടെ പ്രതിനിധികൾ ഇല്ലാതെവരുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ രക്തരഹിത മാർഗത്തിലൂടെ വംശഹത്യ നടപ്പാക്കാൻ സാധിക്കും. വോട്ടർ പട്ടികയിൽനിന്ന് ചിലരെ തന്ത്രപൂർവം ഒഴിവാക്കുമ്പോള്‍ ക്രിക്കറ്റ് കാണുന്ന ലാഘവത്തോടെ കാഴ്ചക്കാരാകരുത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ദോഷകരമായി ഒന്നും സംഭവിക്കില്ല, ഇന്ത്യയില്‍ എന്തെങ്കിലും സംഭവിച്ചാലും കേരളത്തില്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
ബിഹാറില്‍ എസ്.ഐ.ആര് പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 7.24 കോടി വോട്ടര്‍മാരില്‍ 47 ലക്ഷം പേരാണ് ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടത്. അവരില്‍ മഹാഭൂരിപക്ഷവും യഥാർഥ വോട്ടര്‍മാര്‍ ആയിരുന്നു. പകരം പുതുതായി ചേര്‍ത്തവരില്‍ 3.7 ലക്ഷം പേര് അപേക്ഷകര്‍ പോലും ആയിരുന്നില്ല. ഭരണഘടനാമൂല്യങ്ങളെയും ഭരണഘടനയെത്തന്നെയും തകര്‍ക്കുന്നതിന്റെ മുന്നോടിയായി വേണം എസ്.ഐ.ആറിനെ കാണാനെന്നും പ്രഭാകർ ചൂണ്ടിക്കാട്ടി.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. എം.പി. മത്തായി അധ്യക്ഷത വഹിച്ചു. ഡോ. ആസാദ്, പ്രഫ. കെ. ശ്രീധർ, ഡോ. ഖദീജ മുംതാസ്, ഡോ. ഡി. സുരേന്ദ്രനാഥ്, എൻ. സുബ്രഹ്മണ്യൻ, എൻ.വി. ബാലകൃഷ്ണൻ, എസ്. രാജീവൻ, ഷൈലാ കെ. ജോൺ, ജനകീയ പ്രതിരോധ സമിതി ജില്ല സെക്രട്ടറി പി.കെ. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

