കേരളത്തിൽ എസ്.ഐ.ആർ ഇന്ന് മുതൽ; 2002 വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ചെയ്യേണ്ടത്
text_fieldsതിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) കേരളത്തിൽ ഇന്നു മുതൽ. ഒക്ടോബർ 28 മുതൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന 2026 ഫെബ്രുവരി ഏഴുവരെ മൂന്ന് മാസത്തിലധികം പ്രക്രിയ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലുള്ള കേരളത്തിലെ വോട്ടർ പട്ടിക തിങ്കളാഴ്ച അർധരാത്രിയോടെ മരവിപ്പിച്ചു. ഇനി എസ്.ഐ.ആറിൽ പേര് ചേർക്കുന്നവർ മാത്രമേ വോട്ടർമാരായി നിലനിൽക്കൂ. ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ജൂൺ ആറിന് പുറത്തിറക്കിയ ഉത്തരവ് ആധാരമാക്കിയാണ് രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പാക്കുന്നത്.
2002ലെ വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ പൗരത്വം തെളിയിക്കണം. അവസാനമായി എസ്.ഐ.ആർ നടന്ന 2002-04 കാലയളവിലെ വോട്ടർപട്ടിക ആധാരമാക്കിയാകും വോട്ടവകാശം അനുവദിക്കുക. കേരളത്തിൽ 2002ലായിരുന്നു എസ്.ഐ.ആർ നടത്തിയത്. അന്നത്തെ വോട്ടർപട്ടികയിൽ പേരുള്ളവർക്കും അവരുടെ മക്കൾക്കും രേഖകളൊന്നും സമർപ്പിക്കാതെ പേര് ചേർക്കാം. എന്നാൽ, സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002ലെ പട്ടികയിലില്ലാത്തവർ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ കമീഷൻ പറയുന്ന 12 രേഖകളിൽ ഒന്ന് സമർപ്പിച്ചാൽ മാത്രമേ വോട്ടവകാശം പുനഃസ്ഥാപിക്കുകയുള്ളൂ.
2002 വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ചെയ്യേണ്ടത്
- കേരളത്തിൽ 2002 വോട്ടർപട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ ജനന തിയതിയുടെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിച്ച കമീഷൻ അവർക്ക് വോട്ടവകാശം ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ വ്യക്തമാക്കിയിട്ടുണ്ട്.
- 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
- 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
- 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനന സമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്പോർട്ടിന്റെയും പകർപ്പ് നൽകണം.
പേരുള്ളവരും അപേക്ഷ നൽകണം
2002 വോട്ടർ പട്ടികയിൽ സ്വന്തം പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകണം. എന്നാൽ അവർ അപേക്ഷക്കൊപ്പം പൗരത്വം തെളിയിക്കുന്നതിനുള്ള 12 രേഖകളിൽ ഒന്നും സമർപ്പിക്കേണ്ടതില്ല. കമീഷൻ പ്രസിദ്ധീകരിച്ച 2002ലെ വോട്ടർപട്ടികയിൽ പേരുള്ളതിന്റെ രേഖ നൽകിയാൽ മതി.
ഓർക്കേണ്ട തിയതികൾ
- പ്രിൻറ് എടുക്കൽ, പരിശീലനം: ഒക്ടോബർ 28 മുതൽ നവംബർ മൂന്ന് വരെ
- വീടു വീടാന്തരം അപേക്ഷ ഫോറം നൽകൽ: നവംബർ നാല് മുതൽ ഡിസംബർ നാല് വരെ
- എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം: ഡിസംബർ ഒമ്പത്
- ആവലാതികളും ആക്ഷേപങ്ങളും: ഡിസംബർ ഒമ്പത് മുതൽ ജനുവരി എട്ടു വരെ
- പരാതികളിൽ നോട്ടീസ്, ഹിയറിങ്, പരിശോധന: ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ
- എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം: 2026 ഫെബ്രുവരി ഏഴ്
ബിഹാറിന് ശേഷം രാജ്യവ്യാപകമായുള്ള രണ്ടാം ഘട്ടത്തിൽ കേരളത്തിന് പുറമെ ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, അന്തമാൻ- നികോബാർ, ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ ഇതിലുൾപ്പെടും. അസമിന് മാത്രമായി വേറെ പൗരത്വ നിയമമുള്ളത് കൊണ്ടും പൗരത്വ പട്ടിക (എൻ.ആർ.സി) വിഷയം സുപ്രീംകോടതിയിലായതിനാലും അസമിനെ മാത്രം രാജ്യവ്യാപകമായുള്ള എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കി.
ആശങ്കയിൽ കേരളം
തിരുവനന്തപുരം: കേരളമടക്കം തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആരംഭം കുറിച്ചിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കടക്കം ആശങ്ക. തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്.ഐ.ആർ അതുവരെ നീട്ടി വെക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിച്ചില്ല.
നിലവിലെ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്നതാണ് ആശങ്ക. ഇത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സി.പി.എമ്മിനും സമാന ആശങ്കയാണുള്ളത്. പ്രയോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തുനല്‍കിയിരുന്നു. അതിന് ഒരു വിലയും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയില്ല. നിലവിലെ വോട്ടര്‍പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ അതിന് വിരുദ്ധമായി 2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടത്താനാണ് തീരുമാനം. 2002 മുതല്‍ 2004 വരെ തയാറാക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് തീവ്രപരിഷ്‌കരണം.
നിലവിലുള്ള പട്ടികക്ക് പകരം പഴയപട്ടിക അടിസ്ഥാനമാക്കുന്നത് നിയമവിരുദ്ധമാണ്. എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയിലുള്ള ഹരജിയില്‍ അന്തിമവിധിയായിട്ടില്ല. 1950ലെ ജനപ്രാതിനിധ്യ നിയമവും, 1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടവും അനുസരിച്ച് നിലവിലുള്ള വോട്ടര്‍പ്പട്ടികയാണ് പുതുക്കലിന് അടിസ്ഥാന രേഖയാകേണ്ടത്. എന്നാല്‍, പഴയപട്ടിക അടിസ്ഥാന രേഖയാക്കുന്നതിലൂടെ, കേരളത്തില്‍ 50 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മരിച്ചവരുടെയും ഇരട്ട വോട്ടുള്ളവരുടെയും പേരുകള്‍ക്കൊപ്പം കുടിയേറിയവര്‍, വിദേശികള്‍ എന്നിവരുടെ പേരുകളും നീക്കും. കേരളത്തൽ അത്തരം സംഭവങ്ങൾ വിരളമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

