എസ്.ഐ.ആർ: കേരള സർക്കാറിന്‍റെ ഹരജിയിൽ ഇടപെടാതെ ഹൈകോടതി; സുപ്രീം കോടതിയിൽ ഉന്നയിക്കാമെന്ന് നിർദേശം
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ മാറ്റിവെക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ ഹരജിയിൽ ഇടപെടാതെ ഹൈകോടതി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹരജികൾ സുപ്രീംകോടതി പരിഗണനയിലിരിക്കെ ഈ ആവശ്യവും അവിടെ ഉന്നയിക്കാമെന്ന് വ്യക്തമാക്കി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടി അവസാനിപ്പിക്കുകയായിരുന്നു. ഹരജികൾ സുപ്രീംകോടതിയിലിരിക്കെ ഇവിടെ പരിഗണിക്കുന്നത് അനുചിതമാകുമെന്നും അവിടത്തെ തീർപ്പിന് വിധേയമായി ആവശ്യമെങ്കിൽ സർക്കാറിന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന കേരളത്തിലെ സവിശേഷ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹരജി. തെരഞ്ഞെടുപ്പ് നടപടികൾക്കും വോട്ടർപട്ടിക പുതുക്കുന്നതിനുമായി ഒട്ടേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഇതിന്റെ ഇരട്ടി വേണ്ടിവരുമെന്നത് സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. തെരഞ്ഞെടുപ്പ് നടപടി ഡിസംബർ 20നകം പൂർത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും എസ്.ഐ.ആർ അടിയന്തര സ്വഭാവമുള്ളതല്ലെന്നുമായിരുന്നു സർക്കാർ വാദം.
എന്നാൽ, എസ്.ഐ.ആർ നടപടി മുടക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ആരോപണം. ഈ ആവശ്യം മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും സുപ്രീംകോടതിയിൽ ഉന്നയിക്കാം. ഇപ്പോൾ മാറ്റിവെച്ചാൽ, നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പേരിലും എസ്.ഐ.ആർ നടപടി മുടക്കും. വീടുകളിൽ എന്യൂമറേഷൻ ഫോറം എത്തിക്കുന്ന നടപടി 10 ദിവസംകൊണ്ട് 55 ശതമാനം പൂർത്തിയായി. തടസ്സങ്ങളില്ലാതെ നടപടി പൂർത്തിയാകും. പിന്നീട് തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഈ വാദത്തെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

