ബി.എൽ.ഒമാരുടെ ജോലിഭാരം; പ്രതിഷേധം കനത്തിട്ടും പുതിയ ഷെഡ്യൂളും നടപടികളും നിർദേശിച്ച് കമീഷൻ
text_fieldsകണ്ണൂരിൽ ജോലി സമ്മർദത്തിന്റെ പേരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ ‘സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ’ നേതൃത്വത്തിൽ ജീവനക്കാർ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം: എസ്.ഐ.ആറിൽ ബി.എൽ.ഒമാർ നേരിടുന്ന സമ്മർദങ്ങൾക്കെതിരെ പ്രതിഷേധം കത്തുന്നതിനിടയിലും തിരക്കിട്ട് വിവരശേഖരണം പൂർത്തിയാക്കാൻ പുതിയ ഷെഡ്യൂളും നടപടികളും നിർദേശിച്ച് കമീഷൻ.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ബൂത്തുകളിൽ ബി.എൽ.ഒമാർ കലക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്നാണ് കലക്ടർമാർ വഴി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇ.ആർ.ഒ) നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടത്.
വീടുകളിലെത്തി ബി.എൽ.ഒമാർ ഫോം നൽകുകയും തിരികെ വാങ്ങുകയും ചെയ്യണമെന്നും കലക്ഷൻ സെന്ററുകൾ പാടില്ലെന്നും നേരത്തേ നിർദേശം നൽകിയ കമീഷനാണ് ഇപ്പോൾ മലക്കംമറിഞ്ഞത്. തിരികെ വാങ്ങിയ ഫോമുകളിലെ വിശദാംശങ്ങൾ ആപ് വഴി അപ്ലോഡ് ചെയ്യാൻ ബി.എൽ.ഒമാർക്കുള്ള പരിശീലനം ചൊവ്വാഴ്ച തുടങ്ങാനിരിക്കുകയാണ്.
ഫോം വിതരണവും തിരികെ വാങ്ങലും പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് സമാന്തരമായി കലക്ഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായുള്ള എസ്.ഐ.ആർ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള കേരളത്തിന്റെ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന വേളയിൽ, നടപടികൾ പൂർത്തിയായെന്നും മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും സ്ഥാപിക്കാനാണ് ഈ വെപ്രാളമെന്ന് വിമർശനമുണ്ട്. എന്യൂമറേഷൻ ഫോമുകൾ 23ന് മുമ്പ് തിരികെ വാങ്ങണമെന്നാണ് കലക്ടർമാരുടെ സർക്കുലറിലുള്ളത്.
തിരുത്തിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുൻ നിർദേശം
25നുള്ളിൽ ഫോം വിതരണം പൂർത്തിയാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെതന്നെ കഴിഞ്ഞയാഴ്ചയിലെ നിർദേശമാണ് തിരുത്തിയത്. കലക്ഷൻ സെന്ററുകൾ 20ന് അവസാനിപ്പിച്ചാൽ 23 മുതൽ ഡിജിറ്റലൈസേഷൻ ആരംഭിച്ച് 26 നുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് അടുത്ത ആവശ്യം. ഇതാകട്ടെ കടുത്ത സമ്മർദവും ജോലിഭാരവുമാണ് ബി.എൽ.ഒമാർക്ക് ഉണ്ടാക്കുക.
ബൂത്തിൽ അനുയോജ്യ സ്ഥലത്താണ് കലക്ഷൻ സെന്റർ ആരംഭിക്കേണ്ടത്. ബി.എൽ.ഒ സൂപ്പർവൈസറും വില്ലേജ് ഓഫിസറും സൗകര്യം ചെയ്തുനൽകണം.
കലക്ഷൻ സെന്റർ ആരംഭിക്കുന്ന വിവരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) വഴിയോ വാട്ട്സ് ആപ് ഗ്രൂപ്പ് വഴിയോ വോട്ടർമാരെ അറിയിക്കണം. സ്ഥലത്തില്ലാത്തവർ, മരിച്ചവർ എന്നിവരുടെ വിവരം പ്രത്യേകം തയാറാക്കുകയും ഇതുസംബന്ധിച്ച് ബി.എ.ഒമാർ ബി.എൽ.എമാരുടെ യോഗം വിളിക്കുകയും വേണം. ഫലത്തിൽ വിതരണ ഘട്ടമല്ല, വരാനിരിക്കുന്നതാണ് ബി.എൽ.ഒമാർക്ക് അതികഠിനമാവുകയെന്നാണ് സർക്കുലർ അടിവരയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

