എസ്.ഐ.ആർ സമയപരിധി നീട്ടൽ: സമ്മർദം ഫലം കണ്ടു; ചെറുതല്ലാത്ത ആശ്വാസം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷന് ഏഴ് ദിവസത്തെ സാവകാശം അനുവദിച്ച കമീഷൻ നടപടി തദ്ദേശപ്പോരിൽ മുങ്ങുന്ന സംസ്ഥാനത്തിന് ചെറുതല്ലാത്ത സമാശ്വാസം. പുതിയ സമയക്രമമനുസരിച്ച് വിവരശേഖരണത്തിനുള്ള 30 ദിവസത്തെ സമയപരിധി 37 ദിവസമായി വർധിക്കും. അതേസമയം, മറ്റ് ഘട്ടങ്ങൾക്കെല്ലാം നേരത്തെ തന്നെ നിശ്ചയിച്ച 30 ദിവസമെന്ന സമയപരിധി ഉറപ്പാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന സമയം നീട്ടുകയാണ് ചെയ്തത്.
മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ശനിയാഴ്ച വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വ്യക്തമാക്കിയതനുസരിച്ച് ആകെ 2.78 കോടി എന്യൂമറേഷൻ ഫോമുകളിൽ 2.76 കോടിയാണ് വിതരണം ചെയ്തത്. ഇതിൽ 85 ശതമാനമാണ് തിരികെയെത്തിയത്, അതായത് 2.34 കോടി. ഫലത്തിൽ 42 ലക്ഷം ഫോമുകൾ മടങ്ങിയെത്താനുണ്ട്.
ഞായറാഴ്ച ഇതിൽ 30 ശതമാനം മടങ്ങിയെത്തിയാലും 29 ലക്ഷത്തോളം ഫോമുകൾ പുറത്താണ്. കിട്ടിയ ഫോമുകളുടെ ഡിജിറ്റൈസേഷന് സമാന്തരമായാണ് കിട്ടാനുള്ളവയുടെ കാര്യത്തിലെ തലവേദന. ഇതിനിടെയാണ് കണ്ടെത്താനാകാത്ത 11 ലക്ഷം പേരുടെ കാര്യത്തിലെ ആശങ്കയും. ഈ സങ്കീർണതകളുടെ മധ്യത്തിൽ ഡിസംബർ നാലിന് എന്യൂമറേഷൻ അവസാനിക്കുന്നത് ആശങ്കയായിരുന്നു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഇതുവരെ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ അഞ്ച് യോഗങ്ങളിലെയും പ്രധാന പ്രതിഷേധം തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായ സമയക്രമമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര കമീഷനെ സമീപിച്ചെങ്കിലും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു നിലപാട്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പോ നിയമസഭ ഏകസ്വരത്തിൽ പാസാക്കിയ പ്രമേയമോ കമീഷൻ മുഖവിലക്കെടുത്തതുമില്ല.
പിന്നാലെ കേരളം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഡിസംബർ രണ്ടിന് കേസ് പരിഗണിക്കാനായി മാറ്റിയതോടെ ഫലത്തിൽ കേരളത്തെ സംബന്ധിച്ച് പ്രതികൂല വിധിക്ക് സമാനമായ സാഹചര്യമാണുണ്ടായത്. എസ്.ഐ.ആർ മാറ്റിവെക്കണമെന്ന ആവശ്യം കമീഷൻ നിരസിച്ചതോടെ എന്യൂമറേഷന്‍റെ സമയപരിധി നീട്ടുകയെങ്കിലും വേണമെന്ന ആവശ്യത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെത്തി. പ്രശ്നങ്ങൾ ബോധ്യപ്പെട്ടതോടെ ആദ്യ നിലപാട് തിരുത്തി ബി.ജെ.പിയും സമയം നീട്ടണമെന്ന നിലപാടിലേക്കെത്തിയിരുന്നു.
ശനിയാഴ്ചയിലെ യോഗത്തിലും സമയം നീട്ടൽ ആവശ്യം ഉയർന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സമയം നീട്ടൽ സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർക്കും സൂചനയുണ്ടായിരുന്നില്ല. ഡിജിറ്റലൈസേഷൻ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം പൂന്തുറയിലെ ക്യാമ്പുകൾ സന്ദർശിക്കുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

