എസ്.ഐ.ആർ: പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ സമർപ്പിക്കാം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് അറിയിച്ചു. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പട്ടിക കൈമാറും. ബി.എൽ.ഒ മാരുടെ കയ്യിലും പട്ടികയുണ്ടാകും. ഇത് പൊതുജനങ്ങൾക്ക് പരിശോധിക്കാനും പേര് ഉൾപ്പെടാത്തതിന്റെ കാരണം മനസ്സിലാക്കാനും കഴിയും. പരാതികളും ആക്ഷേപങ്ങളും 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ സമർപ്പിക്കാം.
എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും 2025 ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ പൂർത്തിയാക്കും. അന്തിമ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം തുടർച്ചയായ പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
മതിയായ വിവരങ്ങൾ നൽകാത്തവർക്ക് ഹിയറിങ്
തിരുവന്തപുരം: ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവരെ ഇ.ആർ.ഒമാർ ഹിയറിങിന് വിളിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ ഇത് സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ഒന്നാം അപ്പീൽ നൽകാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫിസർക്ക് രണ്ടാം അപ്പീൽ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

