എസ്.ഐ.ആർ: പ്രവാസികളും പ്രായമുള്ളവരും ഹിയറിങ്ങിന് നേരിട്ടെത്താൻ നിർബന്ധിക്കരുതെന്ന് സി.ഇ.ഒ
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രായമുള്ളയാളുകൾ, പ്രവാസികൾ എന്നിവരെ ഹിയറിങ്ങിന് നേരിട്ട് ഹാജരാകണമെന്ന് നിർബന്ധിക്കാതെ അവർ നിയോഗിക്കുന്ന പകരക്കാരെ ഹിയറിങിന് പരിഗണിക്കണമെന്ന് ഇ.ആർ.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർമാർക്ക് പരമാവധി സഹായകരമായ സമീപനം സ്വീകരിക്കണമെന്ന് കമീഷൻ തന്നെ നിർദേശിച്ചിട്ടുണ്ട്. ആളുകൾക്ക് ബുദ്ധിമുട്ട് വരാതെയാണ് ഹിയറിങ് നടത്തുക. മാപ്പ് ചെയ്യാനാകാത്ത 19.32 ലക്ഷം പേരിൽ 5.12 ലക്ഷം വോട്ടർമാരുടെ രേഖകൾ ഇതിനോടകം ബി.എൽ.ഒമാർ സമാഹരിച്ചിട്ടുണ്ട്. ഇത്രയും പേരുടെ ഹിയറിങ് നടത്തണോ വേണ്ടയോ എന്നത് ഇ.ആർ.ഒമാരുടെ വിവേചനാധികാരമാണ്. നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് മുതലാണ് ഹിയറിങ് ആരംഭിക്കുക.
നിലവിൽ കരട് പട്ടികയിലുള്ള മാപ്പ് ചെയ്യാനാകാത്തവരെയെല്ലാം അന്തിമ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കമീഷന്റെ ഉദ്ദേശം. ഏതെങ്കിലും ഒരാളെ പുറത്താക്കുന്നുണ്ടെങ്കിൽ അതിന് നീതിയുക്തവും വ്യക്തവും കൃത്യവുമായ കാരണം ഇ.ആർ.ഒമാർ സമർപ്പിക്കണം. അർഹരായ ഒരു വോട്ടറും പട്ടികക്ക് പുറത്താവില്ല എന്ന് താൻ ഉറപ്പുനൽകുന്നു.
2002 ലെ പട്ടികയിലെ അച്ഛന്റെ പേരിലെ അക്ഷരവ്യത്യാസമടക്കം യുക്തിപരമായ പൊരുത്തക്കേടുകളിൽ നോട്ടീസ് നൽകുകയോ ഹിയറിങ് നടത്തുക വേണ്ടതില്ലെന്നാണ് നിർദേശം. ഇത്തരം പിശകുകൾ ബി.എൽ.ഒമാരുടെ സാക്ഷ്യവാങ്മൂലത്തോടെ തീർപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എൽ.ഒമാർ പുതിയ അപേക്ഷ (ഫോം 6) സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ കർശനമായി ഇടപെടും. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഓൺലൈൻ സംവിധാനങ്ങളിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോ എന്നും പരിശോധിക്കും.
ബൂത്ത് പുനഃക്രമീകരണത്തെ തുടർന്ന് ഒരു വീട്ടിലുള്ളവർ വിവിധ ബൂത്തുകളിലായി ചിതറിപ്പോയ കേസുകളിൽ ഫാമിലി ഗ്രൂപ്പിങ് നടത്തി പരിഹാരം കാണും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഈ പോരായ്മ പരിഹരിച്ചിട്ടുണ്ടാകും. ഫാമിലി ഗ്രൂപ്പിങിന് അപേക്ഷ വേണ്ടതില്ല. പുതുതായി നിയോഗിച്ച ബി.എൽ.ഒമാർക്ക് പരിശീലന കുറവുണ്ടെങ്കിൽ അത് പരിഹരിക്കും. കമീഷൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിവാരമുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇനി ഉണ്ടാവില്ല. അതേ സമയം അവശ്യഘട്ടങ്ങളിൽ യോഗം ചേരും.
സംസ്ഥാന തലത്തിലുള്ള പ്രതിവാര യോഗം ഇനിയില്ലെങ്കിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരാൻ എല്ലാ ഇ.ആർ.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നതിന് കളക്ടർമാർ എല്ലാ ആഴ്ചകളിലും ഇ.ആർ.ഒമാരുടെ യോഗവും വിളിക്കും.
രാഷ്ട്രീയ പാർട്ടി യോഗങ്ങളിലുയർന്ന എല്ലാ നിർദേശങ്ങളും കമീഷനെ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങളിൽ ചട്ടപ്രകാരം നടപ്പാക്കാൻ കഴിയുന്നവയെല്ലാം നടപ്പാക്കി. എസ്.ഐ.ആർ നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് പ്രതിവാരം രാഷ്ട്രീയ പാർട്ടികളുടെ യോഗം നടക്കുന്നത്. ഇത് മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങളോട് കമീഷൻ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

