എസ്.ഐ.ആര്‍: ബി.എൽ.ഒമാര്‍ക്ക് ആലപ്പുഴ കലക്ടറുടെ പരസ്യ ശാസന
text_fieldsആലപ്പുഴ: ബി.എൽ.ഒമാര്‍ക്ക് ആലപ്പുഴ കലക്ടർ അലക്‌സ് വര്‍ഗീസിന്റെ പരസ്യ ശാസന. ഒരുദാക്ഷിണ്യവും കാണില്ലെന്നും ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കുമെന്നും കലക്ടർ ബി.എൽ.ഒമാരുടെ ഓൺലൈൻ മീറ്റിങ്ങിൽ ഭീഷണി മുഴക്കി. ഇതിന്‍റെ ഓഡിയോ പുറത്തുവന്നു. അതേസമയം താൻ ശാസിച്ചെന്ന നിലയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം എസ്.ഐ.ആര്‍ നടപടിക്രമങ്ങളുടെ തുടക്കത്തിൽ നവംബര്‍ 10ന് നല്‍കിയതാണെന്ന് കലക്ടർ വിശദീകരിച്ചു.
പലരും ചടങ്ങിനുവേണ്ടി അഞ്ചു ആറും വീടുകളിൽ കയറിയിറങ്ങി അന്നത്തെ പണി അവസാനിപ്പിക്കുകയാണ്. കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ ഇത് വ്യക്തമായി. മീറ്റിങ്ങുകളിൽ പറയുന്ന ആശയങ്ങളൊന്നും താഴേക്ക് എത്തിയിട്ടില്ല. ആരും ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ജോയിൻ ചെയ്ത ചിലർക്ക് നെറ്റ് സൗകര്യം നൽകിയിട്ടില്ല. അതുംപറഞ്ഞ് അവർ ഇരിക്കുകയാണ്. ചിലയിടങ്ങളിൽ ഫോറം എത്തിച്ചിട്ടില്ല. എ.ഇ.ആർ.ഒമാരും ഇ.ആർ.ഒമാരും ഇത്തരം കാര്യങ്ങൾ മോണിട്ടർ ചെയ്യണം. 30 ബൂത്തുകളിലെങ്കിലും അവർ പരിശോധന നടത്തണം. ഉപേക്ഷ കാണിച്ചാൽ നടപടിയെടുക്കണമെന്ന് കാട്ടി മുകളിലേക്ക് റിപ്പോർട്ട് ചെയ്യും. ആരും ഫീൽഡിൽ പോകുന്നില്ല. നിർബന്ധമായും അപ്ഡേറ്റ് കിട്ടിയിരിക്കണം. സൂപ്പർവൈസർമാർ താൽപര്യം എടുക്കുന്നില്ല. ആലപ്പുഴ ജില്ലയിൽ വളരെ മോശമായ നിലയിലാണ് എസ്.ഐ.ആർ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജില്ലയിൽ എസ്.ഐ.ആർ ഫോം വിതരണം 98 ശതമാനം പൂർത്തിയാക്കിയെന്ന് കലക്ടർ വ്യക്തമാക്കി. പ്രചരിക്കുന്ന ശബ്ദസന്ദേശം നവംബര്‍ 10ലെ യോഗത്തിന്‍റേതാണ്. പുതിയ ബി.എല്‍.ഒമാര്‍ ചാര്‍ജെടുക്കുന്ന സമയമായതിനാല്‍ അന്ന് എന്യുമറേഷന്‍ ഫോം വിതരണം മന്ദഗതിയിലായിരുന്നു. അന്ന് 220 ഓളം ബി.എല്‍.ഒമാരെ മാറ്റേണ്ടിയും വന്നു. അന്ന് നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് കലക്ടർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

