എസ്.ഐ.ആർ: രണ്ടുദിവസം കൊണ്ട് 8.85 ലക്ഷം പേർക്ക് ഫോം എത്തിച്ചു
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി രണ്ടുദിവസം കൊണ്ട് സംസ്ഥാനത്താകെ 8.85 ലക്ഷം എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഫോം വിതരണം എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ രാത്രിയിലും ബി.എൽ.ഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യും.
അതിനിടെ കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്.ഐ.ആര്) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഐ.ആര് ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്.ഐ.ആര് പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
പി.സി. വിഷ്ണുനാഥ് (കോണ്‍ഗ്രസ് ഐ), സത്യന് മൊകേരി (സി.പി.ഐ), പി കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ. തോമസ് (എൻ.സി.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), അഡ്വ. ഷാജ ജി.എസ്. പണിക്കര്‍ (ആർ.എസ്.പി ലെനിനിസ്റ്റ്) കെ.ആര് ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ സുരേന്ദ്രന് (ബിജെപി), എന്‍.കെ പ്രേമചന്ദ്രന് (ആർ.എസ്.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

