എസ്.ഐ.ആർ: നൂറ് ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി കാസർകോട് ജില്ല, സംസ്ഥാനത്ത് ആദ്യം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി കാസർകോട് ജില്ലയിൽ നൂറ് ശതമാനം ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
സംസ്ഥാനത്താകെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,70,22,663 ആയി. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 97.03 ശതമാനമാണ്. തിരിച്ചുകിട്ടാത്ത ഫോമുകളുടെ എണ്ണം 21,45,011 ആണ്. ഫോമുകൾ മടക്കി നൽകാത്തവർ വേഗം പൂരിപ്പിച്ച് ബി.എൽ.ഒമാരെ ഏൽപ്പിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
എസ്.ഐ.ആർ ചർച്ച നാളെ; രാഹുൽ ഗാന്ധി നയിക്കും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‍കരണങ്ങളെക്കുറിച്ചുള്ള ചർച്ച എന്ന് പേരിട്ട വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണ (എസ്.ഐ.ആർ) ചർച്ച പാർലമെന്റിൽ ചൊവ്വാഴ്ച തുടങ്ങും. പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട എസ്.ഐ.ആർ ചർച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ലോക്സഭയിൽ നയിക്കുക.
അതിന് മുമ്പ്, കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിന്റെ 150ാം വാര്‍ഷിക ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ലോക്സഭയിൽ തുടക്കം കുറിക്കും. രാജ്യസഭയിൽ വന്ദേമാതരം ചർച്ച ചൊവ്വാഴ്ചയും എസ്.ഐ.ആർ ചർച്ച ബുധനാഴ്ചയും ആരംഭിക്കും. പത്ത് മണിക്കൂർ വീതമാണ് രണ്ട് ചർച്ചകൾക്കും അനുവദിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് 12ന് പ്രധാനമന്ത്രി ആരംഭിക്കുന്ന വന്ദേമാതരം ചർച്ച രാത്രി വൈകിയും തുടർന്നേക്കാം. ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയിയും പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷത്തുനിന്ന് പങ്കെടുക്കും. രാജ്യസഭയിൽ വന്ദേമാതരം ചർച്ചക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തുടക്കം കുറിക്കും.
കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള കെ.സി. വേണുഗോപാൽ, മനീഷ് തിവാരി, വർഷ ഗെയ്ക്‌വാദ്, മുഹമ്മദ് ജാവേദ്, ഉജ്ജ്വൽ രാമൻ സിങ്, ഇഷ ഖാൻ ചൗധരി, മല്ലു രവി, ഇമ്രാൻ മസൂദ്, ഗോവൽ പദവി, ജ്യോതിമണി തുടങ്ങിയവർ പ്രതിപക്ഷത്തിനുവേണ്ടി ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാൾ മറുപടി നൽകും.
എസ്.ഐ.ആർ ചർച്ചയിൽ വോട്ട് വെട്ടലും ചേർക്കലും, സമ്മർദമേറിയ ബി.എൽ.ഒമാരുടെ ആത്മഹത്യകളും രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുചോരിയും ചർച്ചയാകും. വർഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടുനാളുകൾ എസ്.ഐ.ആർ വിഷയത്തിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ രണ്ടിന് ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ പേര് മാറ്റിയുള്ള ചർച്ചക്ക് കേന്ദ്ര സർക്കാർ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

