Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിഭവം സ്വന്തമാക്കി...

പൊതുവിഭവം സ്വന്തമാക്കി ദാനത്തി​െൻറ മഹത്വം പാടുന്നത് അശ്ലീലം -ഡോ. ആസാദ്​

text_fields
bookmark_border
പൊതുവിഭവം സ്വന്തമാക്കി  ദാനത്തി​െൻറ മഹത്വം പാടുന്നത് അശ്ലീലം -ഡോ. ആസാദ്​
cancel

കോഴിക്കോട്​: പൊതു വിഭവങ്ങളിലും തൊഴിലവസരങ്ങളിലുമുള്ള അവകാശം ആരുടെയും കാരുണ്യത്താല്‍ ദാനം കിട്ടേണ്ടതല്ലെന്നും നിയമപരമായ അവകാശമാവേണ്ടതാണെന്നും ഇടതു ചിന്തകൻ ഡോ. ആസാദ്​. പൊതുവിഭവങ്ങളും തൊഴിലവസരങ്ങളും കൊള്ളയടിക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും ദാനകര്‍മ്മത്തി​െൻറ മഹത്വം പാടുന്നത് അശ്ലീലമാണ്. റേഷനെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും ഇപ്പോഴുയരുന്ന വാഴ്ത്തുപാട്ടുകള്‍, പൊതുവിഭവങ്ങള്‍ സ്വന്തമാക്കി ചെറിയൊരംശം മാത്രം ദാനം നല്‍കുന്നവരുടെ ഉദാരതയെക്കുറിച്ചുള്ള മഹാകാവ്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായ​പ്പെട്ടു.

''ഒരു നേരംപോലും പട്ടിണിക്കിടാതെ പുലര്‍ത്തിയില്ലേ നിങ്ങളെ'' എന്ന ചോദ്യം അധികാര ധാര്‍ഷ്ട്യത്തി​േൻറതാണ്. തിന്ന ചോറിനു കൂറു കാണണം എന്ന ഓര്‍മപ്പെടുത്തലാണ്. ''ഒരു നേരംപോലും പട്ടിണിക്കിടാതെ ഞങ്ങളെ പുലര്‍ത്തിയല്ലോ'' എന്ന വാക്യം വിനീത വിധേയത്വത്തി​േൻറതാണ്. തിന്ന ചോറിന് കൂറുണ്ടാവും എന്ന സമ്മതപ്രകടനമാണ് -അദ്ദേഹം ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

''ഞങ്ങളുടെ എഴുത്തുകാരും സിനിമക്കാരും സാംസ്കാരിക നായകരും പറയുന്നത് ഈ ചീത്തകാലത്ത് പട്ടിണിയിടാതെ ഞങ്ങളെ പരിപാലിച്ചത് വലിയ കാര്യമാണെന്നാണ്. അതു ചെയ്ത തമ്പ്രാക്കളെ വണങ്ങണമത്രെ. ഇനിയുമിനിയും സര്‍വ്വാധികാരവും അവര്‍ക്ക് നല്‍കണമത്രെ. വലിയ വിവരമുള്ളവരല്ലേ പറയുന്നത്! അതു ശരിയാവുമായിരിക്കും. നിങ്ങളുടെ ദാനമല്ല ഞങ്ങള്‍ക്കു ജീവിതം എന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ഫാഷിസ്റ്റ് ഭരണകൂടത്തോടു നെഞ്ചുവിരിച്ചു പറയുന്ന കാലമാണിത്​. ഞങ്ങളുടെ കൂടി അവകാശമായ സകലതും കൈയടക്കി ശതലക്ഷ കോടികളുടെ വികസന ഭ്രാന്തില്‍ അഭിരമിച്ച അധികാരികള്‍ക്ക് റേഷനും പെന്‍ഷനും തന്ന് ഞങ്ങളെ അടിമകളാക്കാന്‍ എളുപ്പമാണെന്നു തോന്നാം. ലഭിച്ചുകൊണ്ടിരുന്ന പല പെന്‍ഷനുകള്‍ ഒറ്റപ്പെന്‍ഷനാക്കി അല്‍പ്പം പണമുയര്‍ത്തി ഞങ്ങളെ ആനന്ദിപ്പിക്കും. എത്രയായാലും പട്ടിണിക്കിട്ടില്ലല്ലോ ഈ സര്‍ക്കാറെന്ന് ഞങ്ങളെക്കൊണ്ട് പറയിക്കും.

വലിയ പണച്ചാക്കുകള്‍ കണ്ടെത്തി വീടും ആശുപത്രിയും സ്കൂളും നന്നാക്കിത്തന്നു. അതി​െൻറ നിര്‍മ്മാണത്തിലെ കമ്മീഷന്‍ കോടികളാണ്. അതു വാങ്ങുന്നതു പക്ഷെ ഒരു കുറ്റകൃത്യമല്ല. ഞങ്ങളുടെ വികസനത്തിന് ഞങ്ങളുടെ വിഭവങ്ങളും വായ്പയും ചോര്‍ന്നു പോവുന്നു. കോര്‍പറേറ്റ് തീറ്റിപ്പണ്ടാരങ്ങളുടെ ആര്‍ത്തിപ്പുളപ്പില്‍ തെറിച്ചുവീഴുന്ന എച്ചില്‍ തിന്നു തീരുന്നതല്ല അവകാശ ലഭ്യതക്കുള്ള ഞങ്ങളുടെ വിശപ്പ്. പൊതുവായതെല്ലാം പങ്കുവെക്കപ്പെടുമ്പോള്‍ വിശപ്പിനുമുണ്ട് ഒരാനന്ദം. പൊതുവായതെല്ലാം കവര്‍ന്നെടുക്കപ്പെടുമ്പോഴാകട്ടെ, അടിമ ജീവിതമായി ഞങ്ങള്‍ ചുരുങ്ങിപ്പോകുന്നു. ദാനംതന്നില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ ചൂളിപ്പോകുന്നു. നിങ്ങള്‍ ദാനപ്രഭുക്കള്‍ക്ക് ഇതു മനസ്സിലാവുമോ ആവോ!'' -ഡോ. ആസാദ്​ ചോദിച്ചു.


ഫേസ്​ബുക് പോസ്​റ്റി​െൻറ പൂർണരൂപം

ഭൂദാന യജ്ഞമോ ഭൂപരിഷ്കരണ നിയമമോ വേണ്ടത് എന്ന ചോദ്യത്തിനു മുന്നില്‍ ഭൂപരിഷ്കരണ നിയമം മതി എന്നു നിശ്ചയിച്ച ജനതയാണ് നാം. ഭൂദാനം മഹത്തായ കര്‍മ്മമല്ലാഞ്ഞിട്ടല്ല. ആചാര്യ വിനോബാ ഭാവെ ആദരണീയ വ്യക്തിത്വവുമായിരുന്നു. ഭൂരഹിതരായ മനുഷ്യര്‍ക്ക് ദാനമോ സഹാനുഭൂതിയോ അല്ല ഭൂമിയിലുള്ള അവകാശമാണ് സാധിച്ചുകിട്ടേണ്ടതെന്ന് പുരോഗമന പ്രസ്ഥാനങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ജീവിക്കാനുള്ള അവകാശവും പൊതു വിഭവങ്ങളിലും തൊഴിലവസരങ്ങളിലുമുള്ള അവകാശവും ആരുടെയും കാരുണ്യത്താല്‍ ദാനം കിട്ടേണ്ടതല്ല. നിയമപരമായ അവകാശമാവേണ്ടതാണ്. ഉപരിവര്‍ഗം എപ്പോഴും ദാനത്തെ മഹത്വവത്ക്കരിക്കും. പൊതുവിഭവങ്ങള്‍ സ്വന്തമാക്കി അതിന്റെ ചെറിയൊരംശം മാത്രം ദാനം നല്‍കും. അതിന്റെ ഉദാരതയെക്കുറിച്ച് മഹാകാവ്യങ്ങളെഴുതും! റേഷനെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും ഇപ്പോഴുയരുന്ന വാഴ്ത്തു പാട്ടുകള്‍ അത്തരത്തിലുള്ളതാണ്.
'ഒരു നേരംപോലും പട്ടിണിക്കിടാതെ ഞങ്ങളെ പുലര്‍ത്തിയല്ലോ' എന്ന വാക്യം വിനീത വിധേയത്വത്തിന്റേതാണ്. തിന്ന ചോറിന് കൂറുണ്ടാവും എന്ന സമ്മതപ്രകടനമാണ്.

'ഒരു നേരംപോലും പട്ടിണിക്കിടാതെ പുലര്‍ത്തിയില്ലേ നിങ്ങളെ' എന്ന ചോദ്യം അധികാര ധാര്‍ഷ്ട്യത്തിന്റേതാണ്. അതു ദാനകര്‍മ്മത്തിന്റെ ഉദാരതാ പ്രകടനമാണ്. തിന്ന ചോറിനു കൂറു കാണണം എന്ന ഓര്‍മ്മപ്പെടുത്തലാണ്.

വിധേയത്വത്തിന്റെയും അധികാരത്തിന്റെയും സ്വരങ്ങള്‍ക്കിടയില്‍ കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ജനാധിപത്യ വ്യവഹാരമാണ്. പൊതു വിഭവങ്ങളിലും തൊഴിലവസരങ്ങളിലും തുല്യാവകാശമുള്ള ജനങ്ങള്‍ക്ക് ഒന്നും ദാനം ലഭിക്കേണ്ടതില്ല. എന്നാല്‍ പൊതുവിഭവങ്ങളും തൊഴിലവസരങ്ങളും കൊള്ളയടിക്കുന്നവരും കൂട്ടു നില്‍ക്കുന്നവരും ദാനകര്‍മ്മത്തിന്റെ മഹത്വം പാടുന്നത് അശ്ലീലമാണ്.

മണ്ണില്‍ അവകാശത്തിനു വേണ്ടിയുള്ള സമരം ചെങ്ങറയിലും മുത്തങ്ങയിലും കെട്ടടങ്ങിയില്ല. അരിപ്പയിലും തൊവരിമലയിലും അതു തുടരുന്നു. പതിറ്റാണ്ടുകളായി കോളനികളില്‍ കെട്ടിയിടപ്പെട്ട ദളിതസമൂഹം പൊതു ഇടങ്ങളിലേക്കും സ്വതന്ത്ര ഭവനങ്ങളിലേക്കും പൊതുവിഭവങ്ങളിലേക്കും അവകാശ ബോധത്തോടെ സഞ്ചരിച്ചു തുടങ്ങിയ കാലമാണ്. അതറിയാതെ ദാനവാഴ്ത്തുകള്‍ പാടുന്നത് ജനാധിപത്യത്തെ ചെറുതാക്കുന്നു.

എല്ലാവരുടേതുമായ അവകാശം ചുരുക്കം ചിലരുടെ സ്വാതന്ത്ര്യമാക്കുന്ന കടന്നുകയറ്റം ദാനകര്‍മ്മംകൊണ്ടു സാധൂകരിക്കാനാവില്ല. 'മണ്ണവകാശമുള്‍പ്പെടെ പൊതുവിഭവങ്ങള്‍ പങ്കുവെക്കാനാവില്ല, എന്നാല്‍ വിശപ്പടക്കാന്‍ സൗജന്യ ഭക്ഷണം തരാം' എന്നത് നല്ല ഓഫറല്ല. മണ്ണും മണലും വയലും വനവും മലയും കായലും കോര്‍പറേറ്റുകള്‍ക്ക്. തീരദേശവും ഇടനാടും മലയോരവും കോര്‍പറേറ്റുകള്‍ക്ക്. പാതകളും വിപണികളും കോര്‍പറേറ്റുകള്‍ക്ക്. ക്വാറികളാവാം തടയണകളാവാം തോട്ടം കയ്യേറ്റങ്ങളാവാം വയല്‍നികത്തലാവാം ജനവാസ കേന്ദ്രങ്ങളില്‍ റെഡ്കാറ്റഗറി വ്യവസായശാലകളാവാം. ഏകജാലകാനുമതി മതി. അതൊന്നും നിങ്ങള്‍ നോക്കേണ്ട. ഒരു നേരവും പട്ടിണിക്കിടാതെ ഞങ്ങള്‍ നോക്കുന്നില്ലേ? പ്രളയമോ രോഗമോ അറിയാതെ സംരക്ഷിച്ചില്ലേ? തിന്ന ചോറിന് കൂറു വേണ്ടേ?

നിങ്ങളുടെ ദാനമല്ല ഞങ്ങള്‍ക്കു ജീവിതം എന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ഫാഷിസ്റ്റ് ഭരണകൂടത്തോടു നെഞ്ചുവിരിച്ചു പറയുന്ന കാലമാണ്. ഞങ്ങളുടെ കൂടി അവകാശമായ സകലതും കൈയടക്കി ശതലക്ഷ കോടികളുടെ വികസന ഭ്രാന്തില്‍ അഭിരമിച്ച അധികാരികള്‍ക്ക് റേഷനും പെന്‍ഷനും തന്ന് ഞങ്ങളെ അടിമകളാക്കാന്‍ എളുപ്പമാണെന്നു തോന്നാം. വികസനത്തില്‍ എപ്പോഴും പുറംതള്ളപ്പെടുന്ന ഒരുകൂട്ടര്‍ എങ്ങനെയുണ്ടാവുന്നു എന്നതിന് നിങ്ങള്‍ക്കു വിശദീകരണം കാണില്ല. ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് പുറത്തു നിര്‍ത്തപ്പെട്ടവര്‍ ഇപ്പോഴും പുറത്തുതന്നെ നില്‍ക്കുന്നു എന്നത് നിങ്ങളെ ഉത്ക്കണ്ഠപ്പെടുത്താന്‍ ഇടയില്ല. തൊഴില്‍ നിയമങ്ങളുടെ തണലും രക്ഷയും എടുത്തു കളഞ്ഞ് ഞങ്ങളെ കൂടുതല്‍ അനാഥരാക്കിയ നടപടി നിങ്ങള്‍ സാധൂകരിക്കും. എന്നിട്ട് ലഭിച്ചുകൊണ്ടിരുന്ന പല പെന്‍ഷനുകള്‍ ഒറ്റപ്പെന്‍ഷനാക്കി അല്‍പ്പം പണമുയര്‍ത്തി ഞങ്ങളെ ആനന്ദിപ്പിക്കും. എത്രയായാലും പട്ടിണിക്കിട്ടില്ലല്ലോ ഈ സര്‍ക്കാറെന്ന് ഞങ്ങളെക്കൊണ്ട് പറയിക്കും.

വലിയ പണച്ചാക്കുകള്‍ കണ്ടെത്തി വീടും ആശുപത്രിയും സ്കൂളും നന്നാക്കിത്തന്നു. അതിന്റെ നിര്‍മ്മാണത്തിലെ കമ്മീഷന്‍ കോടികളാണ്. അതു വാങ്ങുന്നതു പക്ഷെ ഒരു കുറ്റകൃത്യമല്ല. ഞങ്ങളുടെ വികസനത്തിന് ഞങ്ങളുടെ വിഭവങ്ങളും വായ്പയും ചോര്‍ന്നു പോവുന്നു. ഞങ്ങള്‍ക്കു വേണ്ടത് നിങ്ങള്‍ക്കു ലാഭകരമാംവിധം തീരുമാനിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതൊക്കെയല്ലേ ഞങ്ങള്‍ നോക്കേണ്ടൂ. പൊതുസമ്പത്തു ചോര്‍ത്തരുത് എന്നു പറയാന്‍ ഞങ്ങള്‍ക്ക് എന്തറിവും അവകാശവുമുണ്ട്?

ഞങ്ങളുടെ എഴുത്തുകാരും സിനിമക്കാരും സാംസ്കാരിക നായകരും പറയുന്നത് ഈ ചീത്തകാലത്ത് പട്ടിണിയിടാതെ ഞങ്ങളെ പരിപാലിച്ചത് വലിയ കാര്യമാണെന്നാണ്. അതു ചെയ്ത തമ്പ്രാക്കളെ വണങ്ങണമത്രെ. ഇനിയുമിനിയും സര്‍വ്വാധികാരവും അവര്‍ക്ക് നല്‍കണമത്രെ. വലിയ വിവരമുള്ളവരല്ലേ പറയുന്നത്! അതു ശരിയാവുമായിരിക്കും.

പക്ഷെ, ഒന്നുണ്ട്. കോര്‍പറേറ്റ് തീറ്റിപ്പണ്ടാരങ്ങളുടെ ആര്‍ത്തിപ്പുളപ്പില്‍ തെറിച്ചുവീഴുന്ന എച്ചില്‍ തിന്നു തീരുന്നതല്ല അവകാശ ലഭ്യതക്കുള്ള ഞങ്ങളുടെ വിശപ്പ്. പൊതുവായതെല്ലാം പങ്കുവെക്കപ്പെടുമ്പോള്‍ വിശപ്പിനുമുണ്ട് ഒരാനന്ദം. പൊതുവായതെല്ലാം കവര്‍ന്നെടുക്കപ്പെടുമ്പോഴാകട്ടെ, അടിമ ജീവിതമായി ഞങ്ങള്‍ ചുരുങ്ങിപ്പോകുന്നു. ദാനംതന്നില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ ചൂളിപ്പോകുന്നു. നിങ്ങള്‍ ദാനപ്രഭുക്കള്‍ക്ക് ഇതു മനസ്സിലാവുമോ ആവോ!

ആസാദ്
06 ഡിസംബര്‍ 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfcpmDr. Azadration kit
News Summary - Singing the glory of charity by acquiring public resources is obscene -Dr. Azad
Next Story