സിന്ധു പറയുന്നു, മാലാഖമാരാക്കുന്നത് തൊഴിലിനോടുള്ള ആത്മാർഥത
text_fieldsകേണിച്ചിറ: തൊഴിലിനോടുള്ള ആത്മാർഥതയാണ് ഓരോ നഴ്സിനെയും മാലാഖമാരാക്കുന്നതെന്ന് കേണിച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് സിന്ധു ഉറപ്പിച്ചുപറയുന്നു. മൂന്ന് പതിറ്റാണ്ടോളം നഴ്സ് ജീവിതത്തിനിടയിൽ മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ ഇവർക്കുണ്ട്. ആത്മാർഥമായി തൊഴിൽ ചെയ്യുക. ആദരവ് തേടിയെത്തും.
2004-2005 കാലത്ത് കൽപറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടയിലാണ് മേപ്പാടി സ്വദേശിയായ മധ്യവയസ്കൻ നെഞ്ചുവേദനയുമായി ഗുരുതരാവസ്ഥയിൽ എത്തിയത്. അദ്ദേഹത്തിന് ഇ.സി.ജി എടുക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി. ഏഴ് തവണയോളം സി.പി.ആർ കൊടുത്തതിന് ശേഷമാണ് മരണത്തിൽനിന്ന് രക്ഷിക്കാനായത്.
ഡിസ്ചാർജായി പോയതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. താമസിയാതെ സിന്ധു സർക്കാർ സർവിസിലേക്ക് മാറി. 2018ൽ മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യുമ്പോൾ അദ്ദേഹത്തിെൻറ മകൾ പ്രസവത്തിന് അവിടെ അഡ്മിറ്റായി.
മകളും അമ്മയും സിന്ധുവിനെ തിരിച്ചറിഞ്ഞു. അവർ അച്ഛനെ മേപ്പാടിയിൽനിന്ന് വിളിച്ചുവരുത്തി. നഴ്സസ് റൂമിൽനിന്ന് സിസ്റ്ററുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് കണ്ണുനിറഞ്ഞ് അദ്ദേഹം പറഞ്ഞു: ‘‘മരിക്കുന്നതിനുമുമ്പ് സിസ്റ്ററെ ഒന്നു കാണണമെന്നുണ്ടായിരുന്നു. അന്ന് നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ...’’ ഏറ്റവും വലിയ അംഗീകാരമായാണ് ആ വാക്കുകളെ സിന്ധു ഇന്നും കാണുന്നത്.
ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രോഗികളായി മുന്നിലെത്തുന്നവർ സ്വന്തക്കാരാണെന്ന ചിന്ത ഓരോ നഴ്സിനും ഉണ്ടാകണമെന്നാണ് സിന്ധുവിെൻറ നിർദേശം.
ഒരു വർഷത്തിലേറെയായി പൂതാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സേവനം. മുട്ടിൽ സ്വദേശിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
