സിമി വാഗമൺ ക്യാമ്പ് കേസ്: 18 പ്രതികൾക്ക് ഏഴു വർഷം കഠിന തടവ്
text_fieldsകൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾപാറയിൽ രഹസ്യക്യാമ്പ് സംഘടിപ്പിച്ചെന്ന കേസിൽ കുറ്റക്കാരായി കണ്ടെത്തിയ 18 പ്രതികൾക്കും ഏഴുവർഷം കഠിന തടവ്.
കോട്ടയം ഇൗരാറ്റുപേട്ട പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി (35), ഷാദുലിയുടെ സഹോദരൻ പി.എ. ഷിബിലി (46), ആലുവ ഉളിയന്നൂർ പെരുന്തേലിൽ മുഹമ്മദ് അൻസാർ നദ്വി (37), പെരുന്തേലിൽ അബ്ദുൽ സത്താർ എന്ന മൻസൂർ (34), ബംഗളൂരു സ്വദേശി ഹഫീസ് ഹുസൈൻ എന്ന അദ്നാൻ (37), മധ്യപ്രദേശ് ഉജ്ജയിൻ മഹിത്പൂർ സ്വദേശി ഹുസൈൻ ഭായ് എന്ന സഫ്ദർ നഗോറി (48), ഉജ്ജയിൻ സ്വദേശി ആമിൽ പർവേസ് (46), കർണാടക വിജാപുര സ്വദേശി മുഹമ്മദ് സമി (32), കർണാടക ബെലഗാവി സ്വദേശി നദീം സഇൗദ് (33), ഉത്തർപ്രദേശ് അഅ്സംഗഡ് സ്വദേശി മുഫ്തി അബ്ദുൽ ബഷർ എന്ന അബ്ദുൽ റാഷിദ് (36), കർണാടക ബെല്ലാരി സ്വദേശി ഡോ.എച്ച്.എ. അസദുല്ല (32), ഉജ്ജയിൻ സ്വദേശി കമറുദ്ദീൻ നഗോറി (46), കർണാടക ധാർവാഡ് സ്വദേശി ഷക്കീൽ അഹമ്മദ് (40), കർണാടക ബിദാർ സ്വദേശി ഡോ. മിർസ അഹമ്മദ് ബെയ്ഗ് (34), ഝാർഖണ്ഡ് റാഞ്ചി സ്വദേശി ദാനിഷ് (36), റാഞ്ചി സ്വദേശി മൻസർ ഇമാം എന്ന ജമീൽ (38), മുംബൈ അന്ധേരി സ്വേദശി മുഹമ്മദ് അബുൽ ഫൈസൽ ഖാൻ (35), അഹ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി (39) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ശിക്ഷിച്ചത്.
പ്രതികൾ ഒാരോരുത്തരെയും 20 മുതൽ 27 വർഷം വരെ തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെങ്കിലും ഇത് ഒരുമിച്ച് ഏഴുവർഷം മാത്രം അനുഭവിച്ചാൽ മതിയെന്നാണ് കോടതി നിർദേശം. ഇതിന് പുറമെ പ്രതികൾ ഒാരോരുത്തർക്കും 50,000 മുതൽ ഒരുലക്ഷം വരെ പിഴയും ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 10ാം വകുപ്പ് (നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയാവുക) എന്ന കുറ്റത്തിന് ഒരുവർഷം തടവും 25,000 രൂപ പിഴ, 38 (നിരോധിതസംഘടനയിൽ അംഗമാവുക) എന്ന കുറ്റത്തിന് അഞ്ചുവർഷം തടവ്.
സ്ഫോടകവസ്തു നിയമപ്രകാരം ഏഴുവർഷം തടവും 25,000 രൂപ പിഴ, ഗൂഢാലോചന (െഎ.പി.സി 120 ബി) കുറ്റത്തിന് ഏഴുവർഷം കഠിന തടവ് എന്നിങ്ങനെയാണ് പ്രതികൾക്ക് ഒാരാരുത്തർക്കും വിധിച്ചിരിക്കുന്ന ശിക്ഷ. യു.എ.പി.എ 20ാം വകുപ്പ് പ്രകാരം തീവ്രവാദ സംഘടനയിലോ ഗ്യാങ്ങിലോ പങ്കാളിയാവുക എന്ന കുറ്റത്തിന് ഷാദുലി, ഹഫീസ് ഹുസൈൻ, സഫ്ദർ ഹുസൈൻ, പി.എ. ഷിബിലി, മുഹമ്മദ് അൻസാർ, അബ്ദുൽ സത്താർ, ആമിൽ പർവേസ്, ഡോ. എച്ച്.എ. അസദുല്ല, കമറുദ്ദീൻ നഗോറി, ഷക്കീൽ അഹമ്മദ്, ഡോ. മിർസ അഹമ്മദ്, മൻസർ ഇമാം, നദീം സഇൗദ് എന്നിവരെ ഏഴുവർഷം തടവിനും 50,000 രൂപ പിഴക്കും പ്രത്യേകവും ശിക്ഷിച്ചിട്ടുണ്ട്. പ്രതികൾ ഇതുവരെ അനുഭവിച്ച ശിക്ഷാകാലാവധി കിഴിച്ച് ബാക്കി അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ നിർദേശം.
അബ്ദുൽ സത്താർ, ഹബീബ് ഫലാഹി, മൻസർ ഇമാം, ആലം ജെബ് അഫ്രീദി എന്നീ നാല് പ്രതികൾ ഒഴികെയുള്ള 14 പ്രതികളും ഇതിനകം ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. ഒമ്പതുവർഷമായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ഇൗ 14 പേരും. ശിക്ഷാകാലാവധി പൂർത്തിയാക്കിയെങ്കിലും അഹ്മദാബാദ് സ്ഫോടനക്കേസിൽ പ്രതികളായതിനാലും മറ്റുകേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനാലും ഇവർക്ക് ജയിൽ മോചിതരാവാൻ കഴിയില്ല. കേസിൽ വിചാരണ നേരിട്ട 17 പ്രതികളെ കഴിഞ്ഞദിവസം കോടതി വെറുതെ വിട്ടിരുന്നു.
രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സിമി (സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഒാഫ് ഇന്ത്യ) സംഘടനയുടെ പ്രവർത്തകർ 2007 ഡിസംബർ 10 മുതൽ 12 വരെ തങ്ങൾപാറയിൽ രഹസ്യക്യാമ്പ് നടത്തി ആയുധ, സ്ഫോടക, കായിക പരിശീലനം നേടിയെന്നാണ് ആരോപണം. അതേസമയം, ശിക്ഷ കുറഞ്ഞുപോയെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും എൻ.െഎ.എ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
