സിൽവർ ലൈൻ മഞ്ഞക്കുറ്റികൾ ഉടൻ നീക്കും; ഭൂമി ഉടമകൾക്ക് വിട്ടുനൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
text_fieldsറവന്യൂ മന്ത്രി എ.പി. അനിൽകുമാർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളുമായി സംസ്ഥാന സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്നും, വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂവുടമകളെ ഔദ്യോഗികമായി അറിയിക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാറിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി ഉപേക്ഷിച്ച് ബദൽ മാർഗ്ഗങ്ങളിലേക്ക് നീങ്ങിയിട്ടും മുൻ ഇടത് സർക്കാർ വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. ഭൂമിയിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതു കാരണം വസ്തുവകകൾ വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലായിരുന്നു. മഞ്ഞക്കുറ്റികൾ മാറ്റാനുള്ള സർക്കാറിന്റെ തീരുമാനം ഈ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
സിൽവർ ലൈൻ പദ്ധതി പൂർണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ പൂർണമായി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗ പാതയ്ക്ക് സർക്കാർ ഒരിക്കലും എതിരല്ലെന്നും, എന്നാൽ പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും കണക്കിലെടുത്ത് മാത്രമേ ബദൽ സംവിധാനം ആലോചിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ വെറും നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന, 11 സ്റ്റേഷനുകളുള്ള അതിവേഗ റെയിൽപ്പാതയായിരുന്നു സിൽവർ ലൈൻ. എന്നാൽ പദ്ധതിയുടെ പരിസ്ഥിതി ആഘാതവും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രാദേശിക ജനവിഭാഗങ്ങളും ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പ്രക്ഷോഭകർക്കെതിരെ മുൻ സർക്കാർ കടുത്ത പൊലീസ് നടപടികളാണ് സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

