സിൽവർ ലൈൻ പദ്ധതി: സർക്കാറിന്‍റെ വീഴ്ചകൾ തുറന്നുകാട്ടി ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യതയുണ്ടാക്കുന്ന മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കവെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വീഴ്ചകൾ രേഖകൾ സഹിതമാണ് അദ്ദേഹം വിശദീകരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള ഭരണാനുമതി കെ-റെയില്‍ പ്രോജക്ടിന്‍റെ പ്രീഇന്‍വെസ്റ്റ്‌മെന്‍റ് ആക്റ്റിവിറ്റിക്ക് മാത്രമാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഒരു അനുമതിയും നല്‍കിയിട്ടില്ല. എന്നാൽ കേന്ദ്ര ഉത്തരവിന്‍റെ മറവിൽ ഇപ്പോള്‍ കല്ല് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുകയാണ്. ഇക്കാര്യം കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ ഇത് ഭൂമി ഏറ്റെടുക്കലിനുവേണ്ടിയുള്ള സർവേ അല്ലെന്നും സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള വെറും അതിര് വേര്‍തിരിക്കല്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ കോടതിയിൽ പറഞ്ഞതിന് വിരുദ്ധമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ സര്‍വേ നമ്പറുകള്‍ വ്യക്തമാക്കിക്കൊണ്ടും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള വിശദമായ ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
വിദേശ ഫണ്ടിങ്ങിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ രേഖ അംഗീകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടേയോ വിദേശ ഫണ്ടിങ് ഏജന്‍സികളുടേയോ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള യാഥാർഥ്യം മറച്ചുവെച്ച് പ്രചണ്ഡമായ പ്രചാരണ കോലാഹലമാണ് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

