സിൽവർ ലൈൻ: അനാവശ്യ ആശങ്ക സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ ശോഭനഭാവിക്ക് വേണ്ടിയുള്ള സില്‍വര്‍ലൈന്‍ പദ്ധതിയിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവി കേരളത്തെ കടത്തില്‍ മുക്കുന്ന പദ്ധതിയിൽ ജനങ്ങൾക്കുള്ള ആശങ്കയാണ് പ്രകടിപ്പിക്കുന്നെതന്ന് പ്രതിപക്ഷം.
ഡോ. എം.കെ. മുനീർ അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസ് ചർച്ചയിലാണ് സർക്കാറും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയത്. അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരളത്തെ പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും പദ്ധതി തകര്‍ക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിെൻറ പശ്ചാത്തല സൗകര്യത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്കുന്നതില് ഉദാര സമീപനമായിരിക്കും. ഗ്രാമമേഖലകളില്‍ ഭൂമിവിലയുടെ നാലിരട്ടി വരെയും നഗരമേഖലകളില്‍ രണ്ടിരട്ടിവരെയും നഷ്ടപരിഹാരം നല്‍കും. 115 കിലോമീറ്റര്‍ പാത പാടങ്ങളിലൂടെ കടന്നുപോകുന്നതില്‍ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയായിരിക്കും.
ദേശീയ, സംസ്ഥാന പാതകളിലെ തിരക്കും അപകടങ്ങളും കുറക്കാനും യാത്രാസമയം ലാഭിക്കാനും പദ്ധതി ഉപകരിക്കും. വിദേശ വായ്പ ലഭ്യമാക്കാൻ ചര്‍ച്ച പുരോഗമിക്കുകയാണ്. ആശങ്കകള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങളെ കേള്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസനത്തിെൻറ പേരിലുള്ള ബുള്‍ഡോസിങ്ങാണ് പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധരും സാമൂഹിക വിരുദ്ധ ബന്ധമുള്ളവരുമെന്ന മുഖ്യമന്ത്രിയുടെ വാദം മോദിയുടെ നിലപാടിന് സമാനമാണ്. സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്.
എതിര്‍ക്കുന്നവര്‍ മുഴുവന്‍ മാവോവാദികളും തീവ്രവാദികളുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല. വികസനപദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ല. എന്നാൽ സില്‍വര്‍ലൈന്‍ പ്രായോഗികമല്ല. അതിനാൽ ബദല്‍ പദ്ധതി ചര്‍ച്ചചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കയാണ് പ്രതിപക്ഷം പങ്കുവെക്കുന്നതെന്ന് പറഞ്ഞ എം.കെ. മുനീര്‍, അക്കാദമീഷ്യന്മാരുടെ പ്രായോഗികതയില്ലാത്ത അഭിപ്രായം കേള്‍ക്കുന്നത് സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നല്കി.