സിൽവർ ലൈൻ അലൈൻമെന്റ് മാറ്റാം, പ്രത്യേക പാതയിൽ വിട്ടുവീഴ്ചയില്ല
text_fieldsതിരുവനന്തപുരം: റെയില്‍വേ ഭൂമി കൈമാറുന്നതാണ് സിൽവർ ലൈൻ പദ്ധതിയുടെ അനുമതിക്ക് തടസ്സമെങ്കിൽ അലൈന്മെന്റില് മാറ്റം വരുത്താന്‍ തയാറാണെന്ന് കെ-റെയിൽ. അതേ സമയം സിൽവർ ലൈനിന് അതിവേഗ ട്രെയിനുകൾക്ക് മാത്രമായുള്ള പാത (ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോർ) വേണമെന്നതിൽ വിട്ടുവീഴ്ചക്കില്ലെന്നും ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡി.പി.ആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ക്ക് തയാറാണ്. അതിവേഗ ട്രെയിനുകൾക്ക് മാത്രമായുള്ള പാതയായി പരിഗണിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാനും സന്നദ്ധമാണ്.
വന്ദേഭാരത് ട്രെയിനുകള്‍ക്കു കൂടി സര്‍വിസ് നടത്താന്‍ കഴിയുന്ന വിധം ബ്രോഡ്ഗേജിലേക്ക് പദ്ധതി മാറ്റുന്നത് ഉള്‍പ്പെടെ നിര്‍ദേശങ്ങളാണ് റെയില്‍വേ മുന്നോട്ടുവെച്ചത്. പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് നിര്‍ദേശങ്ങളെന്ന നിലപാടാണ് ഇതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ കെ-റെയില്‍ സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലായിരുന്നു ചർച്ച. ഇതിനിടെ, റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പുതിയ ഡി.പി.ആര് ഉണ്ടാക്കുന്നതു കൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഇ. ശ്രീധരന് കത്തെഴുതിയിട്ടുണ്ട്. കേരളത്തിന്റെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ അര്‍ധ അതിവേഗ റെയില്‍പാത അനിവാര്യമാണെന്ന് ഇ. ശ്രീധരന് പറയുന്നു. ഏതു വിധത്തിലുള്ള ഹൈസ്പീഡ് റെയിലാണ് വേണ്ടത്, അത് എങ്ങനെയാണ് ഫണ്ട് ചെയ്യേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങളും ആ കത്തിലുണ്ട്. ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിലും ഇ. ശ്രീധരന് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഇ. ശ്രീധരൻ: ‘റെയിൽവേ നിർദേശം ദീർഘ വീക്ഷണമില്ലാത്തത്’
തിരുവനന്തപുരം: സിൽവർ ലൈനിനായി റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവെച്ച ബ്രോഡ്ഗേജ് നിര്‍ദേശങ്ങള്‍ തള്ളി ഇ. ശ്രീധരൻ. നിർദേശം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തും നൽകി. ഡിസംബര്‍ ആറിനാണ് അദ്ദേഹം കത്തയച്ചത്. ‘ഒട്ടും പ്രഫഷനലിസമില്ലാത്തതാണ് റെയില്‍വേ ബോര്‍ഡ് കെ-റെയിലിന് നല്കിയ നിര്‍ദേശങ്ങള്‍’ എന്നാണ് ശ്രീധരന്റെ വിലിരുത്തൽ. ബ്രോഡ്ഗേജില്‍ പാത നിര്‍മിക്കാനുള്ള നിര്‍ദേശം കണ്ട്, നിരാശയും ദുഃഖവും തോന്നി. അതിവേഗ പാതകളില്‍ പാസഞ്ചര്‍ ട്രെയിനുകളും ചരക്കു ട്രെയിനുകളും ഓടിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.
ഈ പാതക്ക് റെയില്‍വേ സേഫ്റ്റി കമീഷണറുടെ സര്ട്ടിഫിക്കേഷന് കിട്ടില്ല. അതിവേഗ പാത എന്ന ലക്ഷ്യം നേടാൻ സാധിക്കില്ലെന്നും ഇ. ശ്രീധരന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

