മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് മാടപ്പള്ളിയിൽ ആഹ്ലാദം
text_fieldsചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റയിൽ-സിൽവർ ലൈൻ വിരുദ്ധ സമരസമിതി രക്ഷാധികാരി വി.ജെ. ലാലി, ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, സമരസമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പിഴുത മ ക്കുറ്റിയുമായി ആഹ്ലാദം പ്രകടിപ്പിക്കുന്നു
കോട്ടയം: നാല് വർഷമായിട്ടും പോരാട്ടവീര്യം കെട്ടടങ്ങാത്ത മാടപ്പള്ളിയിലെ സമരപ്പന്തലിന് ഒടുവിൽ വിജയകരമായ സമാപനം. കെ. റെയിൽ പദ്ധതി റദ്ദാക്കിയ ഉത്തരവ് വന്നയുടൻ ചങ്ങനാശ്ശേരി മാടപ്പള്ളി റീത്തുപള്ളി ജങ്‌ഷനിലെ സമരപ്പന്തലിൽ ആവേശമുയർന്നു. സമരം 1,490 ദിവസം പിന്നിടുമ്പോഴാണ് പുതിയ സർക്കാറിന്‍റെ തീരുമാനം.
കേരളമെങ്ങും കെ.റെയിൽ കുടിയൊഴിപ്പിക്കലിനെതിരെ നടന്ന സമരം ഏറ്റവും രൂക്ഷമായത് മാടപ്പള്ളിയിലായിരുന്നു. ലാത്തിച്ചാർജും പൊലീസ് മർദനവും കേസും കോടതിയുമായി സംഭവബഹുലമായ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കാനും മഞ്ഞക്കുറ്റി പിഴുതുമാറ്റാനും റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് സമരക്കാർ ഏറ്റെടുത്തത്.
മുൻ സർക്കാറിന്‍റെ കാലത്ത് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് സമരക്കാർ ആഹ്ലാദം പ്രകടിപ്പിച്ചു. സമര കാലത്ത് പന്തലിലെത്തി നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി പാലിച്ചതെന്ന് സമരസമിതി നേതാവ് ബാബു കുട്ടഞ്ചിറ പറഞ്ഞു. ജനകീയ സമരസമിതി സംസ്ഥാനത്തൊട്ടാകെ നടത്തിയ സമരത്തെ തുടർന്നാണ് കെ. റെയിൽ പദ്ധതിയിൽനിന്ന് പിണറായി സർക്കാറിന് പിന്മാറേണ്ടിവന്നത്. അപ്പോഴും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിക്കാത്തതിനാൽ ഭൂമിയുടെ കൈമാറ്റം ഉൾപ്പെടെ നടക്കാത്ത അവസ്ഥയിലായിരുന്നു. അതിനാണ് മാറ്റം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

