സിൽവർലൈൻ രൂപപ്പെടുത്തിയത് സ്ത്രീകളുൾപ്പെടെ പുതിയ സമരപോരാളികളെ
text_fieldsപത്തനംതിട്ട: ഇടതുസർസർക്കാറിന്‍റെ സിൽവർലൈൻ പദ്ധതി അകാല ചരമമടയുമ്പോൾ പത്തനംതിട്ടക്ക് പറയാനുള്ളത് ഐതിഹാസിക സമരത്തിന്‍റെ വീരകഥകൾ. പദ്ധതി ഉപേക്ഷിച്ചതായി പുതിയ സർക്കാർ പ്രഖ്യാപിക്കുമ്പോൾ ആയിരങ്ങളുടെ നെഞ്ചിലെ തീയാണ് അണയുന്നത്. കിടപ്പാടം നഷ്ടമായി വഴിയാധാരമാകേണ്ടിവരുമോ എന്ന ആശങ്കയാണ് മഞ്ഞക്കുറ്റി സ്ഥാപിക്കാനെത്തിയ പൊലീസ്, റവന്യൂ അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ ശക്തമായി പ്രതിരോധിക്കാൻ വീട്ടമ്മമാരും കുട്ടികളും അടക്കമുള്ളവർക്ക് ധൈര്യം പകർന്നത്.
സ്ത്രീകൾ ഉൾപ്പെടെ പുതിയ സമര പോരാളികളെ സ്വയം രൂപപ്പെടുത്തിയ മുന്നേറ്റമായിരുന്നു ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുടക്കമിട്ട സിൽവർലൈൻ വിരുദ്ധ സമരം. സംസ്ഥാനതലത്തിൽ ജനകീയ സമിതി രൂപപ്പെടുന്നതിനുമുമ്പ് പത്തനംതിട്ടയിലെ കുന്നന്താനം കേന്ദ്രമായി പൈതൃക സംരക്ഷണ സമിതി രൂപവത്കരിച്ചായിരുന്നു സമര തുടക്കം. സർവസന്നാഹങ്ങളുമായി മഞ്ഞക്കുറ്റിയിടാൻ വാശിയോടെ സർക്കാർ പുറപ്പെട്ടപ്പോൾ ചെറുക്കാൻ സ്വന്തം ഭൂമിയിൽ നിലയുറപ്പിച്ച റോസിലിൻ ഫിലിപ്പിനെയും മകളെയും വലിച്ചിഴച്ചു കൊണ്ടുപോയ മാടപ്പള്ളിയിലെ പൊലീസ് അതിക്രമം ഇന്നും മറക്കാനാവില്ല.
കുറ്റിയിടാൻ വരുന്നവരെ തടയാൻ ജനകീയ സമിതി തീർത്ത മനുഷ്യമതിൽ ഉദ്ഘാടനം ചെയ്ത ജോസഫ് എം. പുതുശ്ശേരി അടക്കമുള്ളവർ പൊലീസ് അതിക്രമത്തിനിരയായി. ജില്ലയിലെ കോയിപ്രം, ഇരവിപേരൂർ, കല്ലുപ്പാറ, നടയ്ക്കൽ, കുന്നന്താനം ഭാഗങ്ങളിലൂടെയാണ് ലൈൻ കടന്നുപോകേണ്ടിയിരുന്നത്. ഏഴുവർഷത്തോളം വിട്ടുവീഴ്ചയില്ലാതെ നടത്തിയ സമരം വിജയിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

