പി.എംശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച നടപടി ദുരൂഹം, പ്രതിഷേധാർഹം -കേരള ജംഇയ്യത്തുൽ ഉലമ
text_fieldsകോഴിക്കോട്: പി.എംശ്രീയിൽ ഒപ്പുവെച്ച സർക്കാർ നടപടി ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്ന വൽ ജമാഅ.
ഇന്ത്യയുടെ പൈതൃകത്തിനും ചരിത്രത്തിനും ഭീഷണിയായ വിദ്യാഭ്യാസ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ചരിത്രത്തിൽ നിന്ന് മുസ്‌ലിംകളെ വെട്ടിമാറ്റിക്കൊണ്ട് വികലമായ പുതിയ ചരിത്ര പഠനമാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട കേരള സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെച്ച നടപടി പുനഃപരിശോധിക്കണമെന്ന് കെജെയു നിർവാഹക സമിതി ആവശ്യപ്പെട്ടു.
പി.എംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്ര അനുകൂല സംഘടനകൾ മാത്രമാണ് അതിനെ പിന്തുണച്ച് സംസാരിച്ചത്. മതേതര കാഴ്ചപ്പാടുള്ള വിദ്യാർഥി സംഘടനകളടക്കം ഇതിന്‍റെ അപകടത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇടത് വിദ്യാർഥി സംഘടനകൾ പോലും ഈ പദ്ധതി വർഗീയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ഇതുമായി സഹകരിക്കരുതെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.. സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ പി എം ശ്രീ പദ്ധതിയിലൂടെ കവർന്നെടുക്കപ്പെടുകയാണെന്നത് വ്യവസ്ഥകളിൽ നിന്ന് വ്യക്തവുമാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പ് വെച്ച നടപടി അംഗീകരിക്കാനാവില്ല.
പി.പി മുഹമ്മദ് മദനി,ഈസ മദനി, പ്രൊഫ. എൻ.വി സകരിയ്യ, എം.ടി അബ്ദുസ്സമദ് സുല്ലമി, എം സ്വലാഹുദ്ദീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, ഡോ മുനീർ മദനി, ഹനീഫ് കായക്കൊടി സംസാരിച്ചു.
പി.എം. ശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനിയും ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫും എന്നിവർ ആവശ്യപ്പെട്ടു.
നാടിന്റെ വികസനത്തിനുള്ള ഫണ്ട് ഉപാധികളോടെ മാത്രം ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ നീക്കം രാജ്യത്തിന്റെ പൊതുനയത്തിനും കീഴ്‌വഴക്കങ്ങൾക്കും എതിരാണെന്നും വികസന ഫണ്ട് തടഞ്ഞുവെക്കുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ഇരുവരും പറഞ്ഞു. സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ച നിലപാടിൽനിന്ന് പിൻവാങ്ങുന്നതിന്റെ കാരണങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

