പി.എം ശ്രീയിൽ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; സി.പി.ഐയെ ഇരുട്ടിലാക്കി തീരുമാനമെടുക്കാനാവില്ല -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയെ ഇരുട്ടിൽനിർത്തി തീരുമാനമെടുക്കാനാവില്ല. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ്. ഇത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. ജനാധിപത്യത്തിന്റെ വഴിയല്ല.ഇക്കാര്യത്തിൽ വി.ശിവൻകുട്ടിയുടെ വാക്കുകളെ വിശ്വാസ്യത്തിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയിൽ ഒപ്പിട്ട കരാറിലെ വിശദാംശങ്ങൾ ആർക്കുമറിയില്ല. മാധ്യമങ്ങൾ പുറത്തുവിട്ട കാര്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർക്കും ഘടകകക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. പി.എം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നപ്പോൾ തന്നെ അതിനെ എതിർത്തിരുന്നു. ആദ്യം വൈകാരികമായി പ്രതികരിച്ച വിദ്യാഭ്യാസമന്ത്രി പിന്നീട് ഇടതുനിലപാടിലേക്ക് എത്തി.
ഇതിനിടെ രഹസ്യമായി ഒരു ഉദ്യോഗസ്ഥ ഡൽഹിയിൽ പോയി പി.എം ശ്രീയിൽ ഒപ്പിട്ടത് എന്തിനാണ്. പി.എം ശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ അഭിനന്ദനവുമായി രംഗത്തെത്തിയത് കേന്ദ്രസർക്കാറും എ.ബി.വി.പിയുമാണ്. ഇയൊരുഘട്ടത്തിൽ താൻ ചെയ്ത കാര്യത്തിന് മനോരമയും മാതൃഭൂമിയും എന്നെ പ്രശംസിച്ചാൽ താൻ എന്തോ തെറ്റ് ചെയ്തോയെന്ന് വീണ്ടും പരിശോധിക്കുമെന്ന ഇ.എം.എസിന്റെ വാക്കുകളാണ് തനിക്ക് ഇപ്പോൾ ഓർമ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐയുടെ മന്ത്രിമാർക്ക് പോലും പി.എം ശ്രീ കരാറിനെ കുറിച്ചറിയില്ല. സർക്കാറിന് കാര്യം ബോധ്യപ്പെട്ടേ തീരു. ഇക്കാര്യം സി.പി.ഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും യു.ഡി.എഫ് ക്ഷണത്തെ അവജ്ഞയോടെ തള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

